മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതോടെ
സൗത്ത് മുംബൈയിലെ താജ് ഗ്രൂപ്പ് ഹോട്ടലിലെ ആറ് ജീവനക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം താജ് മഹല്‍ പാലസ്, പ്രസിഡന്റ്, താജ് ലാന്‍ഡ്സ് എന്‍ഡ്, താജ് സാന്റാക്രൂസ്, ഇഞ്ചി അന്ധേരി എന്നിവിടങ്ങളില്‍ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന് താമസം വാഗ്ദാനം ചെയ്തു താജ് ഗ്രൂപ്പ് രംഗത്തെത്തി.
‘താജ് ഹോട്ടല്‍ ജീവനക്കാരായ ആറ് പേരെ അഡ്മിറ്റ് ചെയ്തതായും അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവരുടെ ആരോഗ്യ നില ഗുരുതരമല്ല’- ബോംബെ ആസ്പത്രിയിലെ ഡോക്ടര്‍ ഗൗതം ബന്‍സാലി പറഞ്ഞു.
ഏപ്രില്‍ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം താജ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹോട്ടലിലെ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ടോ എന്ന പരിശോധനയിലാണ് ബന്ധപ്പെട്ടവര്‍. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാമ്പിളുകള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഞങ്ങളുടെ മുംബൈ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ഏകദേശം 500 ഓളം ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. പോസിറ്റീവ് കണ്ടെത്തിയ കൂടുതല്‍പേരിലും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എന്നാലും, പോസിറ്റീവ് സ്ഥിരീകരിച്ച രോഗലക്ഷണമുള്ളവരെ ബന്ധപ്പെട്ടവര്‍ യഥാസമയം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റുള്ളവരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡങ്ങളും പ്രാദേശിക സര്‍ക്കാര്‍ അധികാരികള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് ക്വാറന്റൈന് ചെയ്യുകയും ചെയ്തിട്ടുണ്ട്, താജ് ഗ്രൂപ്പ് മാനേജിങ് ടീമായ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെ വക്താവ് പ്രതികരിച്ചു.