പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുളത്തില്‍ തള്ളി; ആറ് പേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ദീപക്, പ്രവീണ്‍, കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ ജിന്ദില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസുകാരിയെ ദീപക്, പ്രവീണ്‍ എന്നിവര്‍ ബലപ്രയോഗത്തിലൂടെ തട്ടികൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി കണ്ടെത്തിയ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവിടെ മറ്റു പ്രതികളും കാത്തു നില്‍പ്പുണ്ടായിരുന്നു. തട്ടികൊണ്ടു പോയ പ്രതികള്‍ക്കൊപ്പം സ്ഥലത്തെത്തിയ കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പീഡനത്തിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ കുട്ടിയുടെ കൈകള്‍ ബന്ധിച്ച് സമീപത്തെ കുളത്തിലേക്ക്് പ്രതികള്‍ വലിച്ചെറിയുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപ വാസികളാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്പാ ഖാത്രിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.