മധ്യപ്രദേശത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; കോണ്‍ഗ്രസിന് പിന്തുണയുമായി ആറ് പാര്‍ട്ടികള്‍

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും യുദ്ധസമാനമായ ഒരുക്കത്തിലാണ്. ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത്.

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ നാലാം തവണയും ഭരണം പിടിക്കാമെന്ന ബി.ജെ.പി സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മുന്നേറ്റം. സിന്ധ്യയുടെ മുന്നേറ്റത്തില്‍ ബി.ജെ.പി പതറുന്ന കാഴ്ചയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണുന്നത്.

ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ ബി.ജെ.പി നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം സംസ്ഥാനത്തെ ആറ് പാര്‍ട്ടികള്‍ വ്യക്തമാക്കി. സി.പി.എം, സി.പി.ഐ, ലോക്താന്ത്രിക് ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്ത ദള്‍, പ്രജാതാന്ത്രിക് സമാധാന്‍ പാര്‍ട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്നായിരുന്നു ആറ് പാര്‍ട്ടികളുടെയും അഭിപ്രായം. എന്നാല്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ അന്തരമില്ലെന്നുമുള്ള നിലപാടാണ് സി.പി.എം,സി.പി.ഐ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റണമെന്നും അവര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ മറ്റ് ആറ് പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

SHARE