പാക് ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ലാഹോര്‍: തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്താന്‍. ബുധനാഴ്ച രാത്രി പാക് തീവ്രവാദ വിരുദ്ധ സേനനടത്തിയ മിന്നലാക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാന്‍ നഗരത്തിനു സമീപത്തെ ഒളിസങ്കേതം വളഞ്ഞ സൈന്യം തീവ്രവാദികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പാക് താലിബാന്റെ പോഷക സംഘടനയായ ജമാഅത്ത് ഉര്‍ അഹ്‌റാര്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നാലു പേര്‍ രക്ഷപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. ഒളി സങ്കേതത്തില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ഗ്രനേഡുകള്‍, പിസ്റ്റല്‍, യന്ത്ര തോക്കുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച ലാഹോറിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ജമാഅത്ത് ഉര്‍ അഹ്‌റാര്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പെഷവാറില്‍ ജഡ്ജിമാര്‍ സഞ്ചരിച്ച വാനിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ വാന്‍ ഡ്രൈവര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം തിരിച്ചടി ശക്തമാക്കിയത്. തീവ്രവാദികള്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ സൈനീക നടപടി തുടരുമെന്നും പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

SHARE