ആറടി സാമൂഹിക അകലം സുരക്ഷിതമല്ല, കോവിഡ് വൈറസിന് 20 അടി വരെ സഞ്ചരിക്കാന്‍ ശേഷിയെന്ന് ഗവേഷകര്‍

മുംബൈ: കോവിഡ് സുരക്ഷയുടെ ഭാഗമായി ഫേസ്മാസ്‌കും ആറടി സാമൂഹിക അകലവും പാലിക്കുന്നവരാണ് നമ്മള്‍. ചിലര്‍ ഗ്ലൗസും ധരിക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുഖാവരണവും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സ്വീകരിക്കുന്ന ആറടി അകലം കോവിഡ് വൈറസിനെ തടയാന്‍ ആകില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

സംസാരം, ചുമ, തുമ്മല്‍ എന്നിവ വഴി രോഗിയുടെ വായില്‍ പുറന്തള്ളുന്ന ശരീരദ്രവങ്ങള്‍ക്ക് 20 അടി വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ പറയുന്നത്.

കോവിഡ് കാലത്ത് മറ്റൊരാളുമായി ഇടപെഴകുമ്പോള്‍ രണ്ടു മീറ്റര്‍ (ആറടി) അകലം പാലിക്കണമെന്നാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും കേന്ദ്ര ആരോഗ്യമന്ത്രാലയവും അടക്കം ആവശ്യപ്പെട്ടിട്ടുള്ളത്. ഏകദേശം എല്ലാ രാജ്യങ്ങളും ഇതേ സുരക്ഷാ പ്രൊട്ടോകോളാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച ഒരാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറന്തള്ളുന്ന നാല്‍പ്പതിനായിരത്തോളം ശരീരദ്രവത്തില്‍ നിന്ന് രക്ഷ തേടിയാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തന് അനുസരിച്ച് വൈറസിന്റെ വ്യാപന ശേഷിയില്‍ മാറ്റം വരും എന്നാണ് ഗവേഷകര്‍ പറയുന്നത്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയില്‍ ഈ കണികകള്‍ എയറോസോളുകളായി മാറുന്നു. കൂടുതല്‍ ദൂരത്തേക്ക് അണുബാധയെത്തിക്കാന്‍ കഴിവുള്ളതാണ് ഈ എയ്‌റോസോളുകള്‍. ഇത്തരം കാലാവസ്ഥയില്‍ 2.5 മൈക്രോമീറ്ററില്‍ താഴെയുള്ള എയ്‌റോസോളുകള്‍ക്ക് ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് വരെ നുഴഞ്ഞു കയറാനുള്ള ശേഷിയുണ്ട്.

തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ എയ്‌റോസോളിന്റെ ഉത്പാദനം കുറവാണ് എങ്കിലും ഡ്രോപ്ലറ്റുകളുടെ രൂപത്തില്‍ അണുബാധ വ്യാപിക്കുന്നുണ്ട്. ഇത്തരം കാലാവസ്ഥയില്‍ അണുക്കളുടെ പ്രസരണം തടയുന്നതിനായി ആറു മീറ്റര്‍ (20 അടി) ദൂരം ആവശ്യമാണ്- പഠനം പറയുന്നു.