കോവിഡ് അണുബാധ പ്രത്യക്ഷപ്പെടുന്നത് ഈ ആറു തരത്തില്‍

എന്തു കൊണ്ടാണ് വൈറസ് പലരെയും പല തരത്തില്‍ ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ തല പുകയ്ക്കുകയാണ് ശാസ്ത്രജ്ഞര്‍. അടുത്തിടെ ലണ്ടനിലെ കിങ്‌സ് കോളജ് നടത്തിയ ഒരു പഠനം ആറു തരം കോവിഡ് ബാധകളുണ്ടെന്ന് കണ്ടെത്തി. ഇതില്‍ ആദ്യത്തെ മൂന്ന് ക്ലസ്റ്റര്‍ കോവിഡ് അണുബാധ തീവ്രമല്ലാത്ത ലക്ഷണങ്ങള്‍ നിറഞ്ഞതും ശേഷിക്കുന്ന മൂന്നെണ്ണം തീവ്രവുമാണ്. ഇവയില്‍ ഓരോ ക്ലസ്റ്റര്‍ അണുബാധയുടെയും ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

ക്ലസ്റ്റര്‍ 1: ജലദോഷം, പനിയില്ലാതെ
ഇതാണ് കൂട്ടത്തില്‍ ഏറ്റവും തീവ്രത കുറഞ്ഞ തരം കോവിഡ് അണുബാധ. അപ്പര്‍ റെസ്പിറേറ്ററി ട്രാക്റ്റിലെ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ കാണുക. ജലദോഷം, തൊണ്ട വേദന, മൂക്കടപ്പ്, നെഞ്ച് വേദന, പേശീ വേദന, മണം നഷ്ടമാകല്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ക്ലസ്റ്ററില്‍ കാണാം. എന്നാല്‍ പനി ഉണ്ടാകില്ല.

ക്ലസ്റ്റര്‍ 2: ജലദോഷം പനിയോട് കൂടി
ക്ലസ്റ്റര്‍ 1 ലെ രോഗലക്ഷണങ്ങളോടൊപ്പം തുടര്‍ച്ചയായ പനിയും വിശപ്പില്ലായ്മയുമാണ് രണ്ടാം ക്ലസ്റ്ററിലെ അണുബാധയില്‍ പ്രകടമാകുന്നത്. തൊണ്ടയടപ്പ്, വരണ്ട ചുമ എന്നിവയും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാം

ക്ലസ്റ്റര്‍ 3 : ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ അണുബാധ
ഈ ക്ലസ്റ്ററില്‍പ്പെട്ട രോഗികളില്‍ ദഹനത്തെയും വയര്‍, കുടലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും വൈറസ് ബാധിച്ച് തുടങ്ങും. ചുമ അത്ര പ്രധാന ലക്ഷണമല്ലെങ്കിലും മനംമറിച്ചില്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അതിസാരം, തലവേദന, നെഞ്ച് വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്.

ക്ലസ്റ്റര്‍ 04: തീവ്രതയുടെ ആദ്യ തലം, ക്ഷീണത്തോടെ
ഈ ഘട്ടം മുതലാണ് കോവിഡ് ഗുരുതരമായി തുടങ്ങുന്നത്. പ്രതിരോധ സംവിധാനം മന്ദീഭവിക്കുന്നത് മൂലം ഊര്‍ജ്ജ നഷ്ടം, ക്ഷീണം തുടങ്ങിയവ അുഭവപ്പെടും. തലവേദന, മണവും രുചിയും നഷ്ടപ്പെടല്‍, തൊണ്ടവേദന, പനി, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളും ഈ ഘട്ടത്തില്‍ തുടരാം.

ക്ലസ്റ്റര്‍ 05: തീവ്രതയുടെ രണ്ടാം തലം, ആശയക്കുഴപ്പം
ഈ ഘട്ടത്തിലെ രോഗികളില്‍ വൈറസ് നാഡീവ്യവസ്ഥയെ ബാധിച്ച് തുടങ്ങാം. ഈ ഘട്ടത്തിലേക്ക് രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്ക് ദീര്‍ഘകാലം ഇതിന്റെ സ്വാധീനം ഉണ്ടായെന്ന് വരാം. തലവേദന, മണം നഷ്ടമാകല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, ആശയക്കുഴപ്പം, തൊണ്ട വേദന, നെഞ്ച് വേദന, ക്ഷീണം, പേശീവേദന എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കാണാം.

ക്ലസ്റ്റര്‍ 06: ഗുരുതരമായ ഘട്ടം, ഉദര, ശ്വസന സംബന്ധമായ വൈഷമ്യം
ഇതാണ് ഏറ്റവും ഗുരുതരമായ ഘട്ടം. മൊത്തത്തില്‍ ഒരു ആശയക്കുഴപ്പം, തൊണ്ട വേദന, മാറാത്ത പനി, വിശപ്പില്ലായ്മ, തലവേദന, അതിസാരം, ശ്വാസംമുട്ടല്‍, പേശീവേദന, ഉദരവേദന എന്നിവയെല്ലാം ഈ ഘട്ടത്തില്‍ ഉണ്ടാകാം. ഈ ക്ലസ്റ്ററില്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രി വാസവും വെന്റിലേഷനും ഓക്‌സിജന്‍ പിന്തുണയുമെല്ലാം വേണ്ടി വന്നേക്കാം.

SHARE