ബിജെപി നീക്കത്തിന് തിരിച്ചടി; മധ്യപ്രദേശില്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിന് ആശ്വാസമായി 10 വിമത എംഎല്‍എമാരില്‍ ആറ് പേര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ മടങ്ങി വന്നത്. ഇതോടെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും കാലാവധി തികയ്ക്കുമെന്നും മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു.

ആകെയുള്ള പത്ത് വിമത എംഎല്‍എമാരില്‍ 6 പേര്‍ തിരിച്ചെത്തിയതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 117 പേരുടെ പിന്തുണ കോണ്‍ഗ്രസ് പക്ഷം ഉറപ്പിച്ചു. ശേഷിച്ച നാല് പേരെയും തിരികെ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായും ഉടന്‍ കോണ്‍ഗ്രസ് ക്യാമ്പ് 121 ആകുമെന്നും കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന വേളയില്‍ പരിഗണിക്കാമെന്ന പാര്‍ട്ടിയുടെ ഉറപ്പിന് മുന്നിലാണ് ആറ് എംഎല്‍എമാരും വഴങ്ങിയത്. സര്‍ക്കാരിനേയോ പാര്‍ട്ടിയേയോ പ്രതിരോധത്തിലാക്കുകയോ മറിച്ചിടുകയോ തന്റെ ലക്ഷ്യം അല്ലെന്നും അത്തരം പ്രചരണം അവാസ്തവങ്ങളാണെന്നും ജ്യോതിരാധിത്യ സിന്ധ്യയും വ്യക്തമാക്കി.

അതേസമയം, ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നുകൊണ്ടിക്കുന്നതില്‍ പാര്‍ട്ടിക്ക് റോള്‍ ഇല്ലെന്നാണ് ബിജെപി നിലപാട്. കഴിഞ്ഞ ദിവസമാണ് എംഎല്‍എമാര്‍ റിസോര്‍ട്ടിലാണെന്നുള്ള വിവരം പുറത്തറിയുന്നത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരും ഹരിയാനയിലെ ഗുരുഗ്രാമിലെ ഐടിസി മനേസര്‍ ഹോട്ടലിലായിരുന്നു. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ നീക്കങ്ങള്‍. കര്‍ണ്ണാടകയിലടക്കം നേരത്തെ ബിജെപിയുടെ കുതിരക്കച്ചവടം പുറത്തുവന്നിരുന്നു.

ബിജെപി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുരുഗ്രാമില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ഇതിനിടെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയതായി പുറത്തുവന്നിരുന്നു. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും 25 മുതല്‍ 35 കോടി രൂപവരെയാണ് അവര്‍ക്ക് വിലയിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം മുമ്പാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.