പന്തീരാങ്കാവ് കേസ്; അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് തെറ്റെന്ന് സീതാറാം യെച്ചൂരി

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കല്‍ ജനറല്‍ ബോഡി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി പി ദാസനാണ് പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. തല്‍ക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല. എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

SHARE