പൊതുതെരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടിയുടെ നയത്തില്‍ പുനര്‍ചിന്തനം ആവശ്യം : സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പെ പാര്‍ട്ടിയുടെ നയത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങളില്‍ പലതും വീണ്ടും ചര്‍ച്ചക്ക് വിധേയമാക്കണം. അന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഉണ്ടായി അദ്ദേഹം പറഞ്ഞു. ഏപ്രില്‍ നടക്കാനാരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും യെച്ചൂരി പറഞ്ഞു.

ത്രിപുരയില്‍ ബി.ജെ.പിയുമായി ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സി.പി.എം ഇപ്പോള്‍ അധികാരത്തിലുള്ളത് കേരളത്തില്‍ മാത്രമാണ്. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ തറപ്പറ്റിക്കാന്‍ സി.പി.എം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി സഹകരിക്കണോ എന്നതാവും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അജണ്ട. നേരത്തെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സഖ്യത്തിലേര്‍പ്പെട്ടിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണ നല്‍കുന്നതായും സീതാറാം യെച്ചൂരി അറിയിച്ചു.