സിസ്റ്റര്‍ ലിനി; നൊമ്പരപ്പെടുത്തുന്ന ആ ഓര്‍മക്ക് ഇന്ന് രണ്ട് വയസ്


ത്യാഗപൂര്‍ണമായ ജോലിക്കിടെ വേര്‍പെട്ടുപോയ ജീവിതം. നിപക്കെതിരെ പോരാടി അതേ നിപ ബാധിച്ച് ലിനി നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. ലിനി എന്ന ആ പദം തന്നെ ആതുരസേവനത്തിന്റെ സമര്‍പണം അറിയിക്കുന്ന പര്യായപദമായി മാറി.

കോവിഡിനെതിരെ ലോകമൊന്നടങ്കം പടപൊരുതുമ്പോള്‍ അതിലെ ഏറ്റവും മുന്നണിപ്പോരാളികളാണ് നഴ്‌സുമാര്‍. ആ നഴ്‌സുമാര്‍ക്കിടയിലെ തിളങ്ങുന്ന താരമായിരുന്നു സിസ്റ്റര്‍ ലിനി. അപരന്റെ ജീവന്റെ രക്ഷക്കു വേണ്ടി പോരാടുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പിച്ച നഴ്‌സുമാര്‍ നിരവധിയാണ്.

കോവിഡിനു മുമ്പ് കേരളത്തെ ബാധിച്ച ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയായിരുന്നു നിപ. അന്ന് അതിനെതിരെ നാമെല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി പോരാടി. അന്നാണ് കേരളത്തിന് സിസ്റ്റര്‍ ലിനിയെ നഷ്ടമാകുന്നതും. മാരകമായ നിപ ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനി ലിനി. താന്‍ പരിചരിച്ച രോഗിയില്‍ നിന്ന് വൈറസ് തനിക്കു തന്നെ പകരുകയായിരുന്നു. അതുകാരണം 2018 മെയ് 21ന് അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

‘ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഓര്‍മദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു.

SHARE