സിസ്റ്റര്‍ അഭയ കൊലക്കേസ്: വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നടക്കുന്നതിനിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53ാം സാക്ഷിയായ ആനി ജോണാണ് വിചാരണക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റില്‍ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മുന്‍ മൊഴി. ഈ മൊഴിയാണ് വിചാരണക്കിടെ മാറ്റിയത്. ശിരോ വസ്ത്രം മാത്രം കണ്ടെന്നാണ് ഇന്നത്തെ മൊഴി.

അഭയ കേസില്‍ നേരത്തെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21ാം സാക്ഷി നിഷാ റാണി, 23ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണക്കിടെ കൂറുമാറിയ മറ്റ് സാക്ഷികള്‍. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും െ്രെകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993ലാണ് സിബിഐ ഏറ്റെടുത്തത്.

SHARE