കാണാതായ അമ്മയെ തിരഞ്ഞ് രണ്ട് കുഞ്ഞു മക്കള്‍; ഒടുവില്‍ കണ്ടത് ശുചിമുറിക്കായി എടുത്ത കുഴിയില്‍ അമ്മയുടെ മൃതദേഹം

തിരുവനന്തപുരം: രണ്ട് ദിവസമായി കാണാതായ അമ്മക്കായി രണ്ട് കുഞ്ഞുമക്കള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ശുചിമുറിക്കായി എടുത്ത കുഴിയില്‍ അമ്മയുടെ മൃതദേഹം. വാരിക്കുന്ന് കോളനിയില്‍ കുട്ടനാണ് ഭാര്യ സിനിയെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയത്. സിനി സ്വന്തം വീട്ടിലേക്കു പോയെന്നു കുട്ടന്‍ പറഞ്ഞ നുണ പൊളിഞ്ഞതാണു മക്കള്‍ക്കു സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. അച്ഛന്റെ കൈകൊണ്ട് അമ്മ കൊല്ലപ്പെട്ടതോടെ രണ്ട് ആണ്‍കുട്ടികളാണ് ആരോരുമില്ലാത്തവരായി മാറിയത്.

തിങ്കളാഴ്ച തേമ്പാമ്മൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയമകന്‍ അരവിന്ദിനു(14) വാര്‍ഷിക പരീക്ഷയായിരുന്നു. അമ്മയെ കാണാതായ സങ്കടത്തിലായിരുന്നെങ്കിലും വൈകുന്നേരം തിരിച്ചെത്തുമെന്നായിരുന്നു മക്കളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ആദ്യപരീക്ഷയായ മലയാളം അരവിന്ദ് എഴുതുകയും ചെയ്തു. അമ്മ അന്ന് മടങ്ങിയെത്തിയില്ലെങ്കിലും തൊട്ടടുത്ത് മരിച്ചു കിടക്കുന്നതായി അവന്‍ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ചയും അമ്മയെ കാണാതായതോടെ അന്നേ ദിവസം പരീക്ഷയെഴുതാന്‍ എത്താത്തിനെ തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ സിനിയുടെ ഫോണിലേക്കും വിളിച്ചിരുന്നു.

സിനിയും കുട്ടനും താമസിക്കുന്ന പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലായതിനാല്‍ മക്കളായ അനന്തുവും അരവിന്ദും രാത്രി കഴിയുന്നത് സമീപത്ത് തന്നെയുള്ള ഒരു ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിച്ച ശേഷം ബന്ധുവീട്ടിലേക്കു പോയി. ഞായറാഴ്ച പത്ത് മണിയോടെ വീട്ടിലേക്കു വന്നെങ്കിലും അമ്മയെ കണ്ടില്ല. ഏതാനും കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടിലേക്കു സിനി പോയെന്നാണു കുട്ടന്‍ മക്കളോട് പറഞ്ഞത്. കുട്ടന്‍ സിനിയെ ആക്രമിക്കുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരെയും ആട്ടിയോടിച്ചു. ഞായറാഴ്ച ശുചിമുറിയ്ക്കായി എടുത്ത കുഴിയില്‍ അച്ഛന്‍ മണ്ണിടുന്നത് മുത്തമകന്‍ അനന്ദു (16) കണ്ടിരുന്നു. കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുള്ള അനന്ദു ഇത് ഗൗരവമായി എടുക്കുകയോ ആരോടും പറയുകയും ചെയ്തിരുന്നില്ല.

ഞായറാഴ്ച പകല്‍ മുഴുവന്‍ അമ്മ സ്വന്തം വീട്ടിലേക്ക് പോയെന്ന അച്ചന്റെ വാക്കുകള്‍ വിശ്വസിച്ചിരുന്ന മക്കള്‍ രാത്രിയിലും അമ്മ വരാതായതോടെ തിങ്കളാഴ്ച അമ്മയുടെ വീട്ടിലേക്കു അന്വേഷിച്ച് പോയി. സിനി അവിടെ എത്തിയിട്ടില്ലെന്നു ബോധ്യമായി. ഇതോടെ സംശയം വര്‍ധിച്ചു. ഇതിനിടെ കര്‍ണാടകയിലേക്കു ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കുട്ടന്‍ നാടുവിടുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു.

രക്തക്കറ പുരണ്ട ചുറ്റികയും വീട്ടിനുള്ളില്‍ നിന്നു കണ്ടെത്തി. എട്ടു വര്‍ഷം മുന്‍പ് സിനിയെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് കുട്ടന്‍. പിന്നീട് ജയില്‍ മോചിതനായി കുറച്ചു കാലം വീണ്ടും ഒരുമിച്ചു താമസിച്ചു. വീട്ടിലും സമീപവാസികള്‍ക്കും ശല്യക്കാരനായ കുട്ടന്റെ ദേഹത്ത് സമീപവാസി ആസിഡ് ഒഴിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റപ്പോള്‍ സിനിയാണ് ശുശ്രൂഷിച്ചത്. പരുക്കു മാറി കുട്ടന്‍ എഴുന്നേറ്റതോടെ വീണ്ടും ഉപദ്രവം തുടങ്ങിയതായി പറയുന്നു.

ബന്ധുക്കളെത്തി വീടിന്റെ പരിസരത്ത് തിരഞ്ഞപ്പോളാണ് ശുചിമുറിയുടെ കുഴി മൂടിയ നിലയില്‍ കണ്ടത്. മണ്ണുമാറ്റിയതോടെ മൃതദേഹം കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബെംഗളൂരു ഉള്‍പ്പെടെ പലയിടങ്ങളില്‍ കുട്ടന്‍ ജോലിക്ക് പോയിട്ടുണ്ട്. ഇവിടങ്ങളിലേക്കാണോ ഒളിവില്‍ പോയതെന്ന് കേന്ദ്രീകരിച്ചാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി.വി. ബേബിയുടെയും വെഞ്ഞാറമൂട് സി.ഐ അജയ് ചന്ദ്രന്റെയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.

SHARE