24 മണിക്കൂറിനിടെ വീണ്ടും 50,000 ത്തിലേറെ പേര്‍ക്ക് രോഗബാധ; രാജ്യത്തെ കോവിഡ് ബാധിതര്‍ 18 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  തുടര്‍ച്ചയായ ദിവസങ്ങളില്‍ 50,000 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 5,79,357 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 11,86,203 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 771 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 38,135 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്.

രാജ്യം ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടന്നതിന് പിന്നാലെയാണ് കൊവിഡ് കേസുകളില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.