ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് സ്ഥിരീകരണ കണക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയും ദിനേന തുടര്‍ച്ചയായി അമ്പതിനായിരത്തില്‍പരം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് വൈറസ് വ്യാപനം രൂക്ഷമായ മറ്റു രാജ്യങ്ങളെ ഇന്ത്യ മറികടന്നത്.
പ്രതിദിന കണക്കുകള്‍ പ്രകാരമാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും മറികടന്നത്. ഞായറാഴ്ച മാത്രം 54,735 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ലോകത്ത് ഇന്ത്യ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലെത്തുന്നത്. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 52,972 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 18 ലക്ഷം പിന്നിടുകയുമുണ്ടായി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പുതിയ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കു പ്രകാരം 47,511 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രസീലിലാകട്ടെ കഴിഞ്ഞ ദിവസം റെക്കോഡ് ചെയ്തത് മൊത്തം 25800 കേസുകള്‍ മാത്രമാണ്. ഇന്ത്യയ്ക്കും യുഎസിനും ബ്രസീലിനു പിന്നിൽ പെറു, കൊളംബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ. പെറുവിൽ 21,358 പേര്‍ക്കും കൊളംബിയയിൽ 11,470 പേര്‍ക്കും ദക്ഷിണാഫ്രിക്കയിൽ 8195 പേര്‍ക്കും 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചു.
വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം ഇന്നത്തെ ഇതുവരെയുള്ള രോഗികളുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യയും മെക്സിക്കോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
കഴിഞ്ഞ ഒരാഴ്ചയോളമാണ് ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് സ്ഥിരീകണം 50,000 ത്തില്‍ കൂടുതലാണ്. ജൂലൈ പകുതിക്ക് ശേഷം രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

കഴിഞ്ഞ ഒരാഴ്ചയോളമാണ് ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് സ്ഥിരീകണം 50,000 ത്തില്‍ കൂടുതലാണ്. ജൂലൈ പകുതിക്ക് ശേഷം രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ജൂലൈ ആദ്യത്തില്‍ രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരണം ആറ് ലക്ഷത്തിലായിരുന്നു, എന്നാല്‍ ആഗസ്ത് ആദ്യം ആവുന്നതോടെ വ്യാപനം മൂന്നിരട്ടിയായി ഇന്ത്യയിലെ കോവിഡ് രോഗികള്‍ 18 ലക്ഷം കടന്നിരുക്കുകയാണ്.
രാജ്യം ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടന്നതിന് പിന്നാലെയാണ് കൊവിഡ് കേസുകളില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ഇതുവരെ 18,03,696 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 5,79,357 പേര് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 1,186,203 പേരാണ് രോഗമുക്തി നേടിയത്. 38,135 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്നാല്‍ 130 കോടിയില്‍പരം ജനങ്ങളുള്ള രാജ്യത്ത് രണ്ട് കോടി കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇതുവരെ നടന്നത്. ഓഗസ്റ്റ് 2 വരെയുള്ള കണക്കുകള്‍ പ്രകാരം, 2,02,02,858 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്.
അതേസമയം, ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. മരണം ഏഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 18234936 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 692794 ആണ്. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ ആളുകളാണ് വൈറസിന്റെ പിടിയിലാകുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തതും അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.