‘ഞാന്‍ ഓടി തളര്‍ന്നു. ഇനിയും ഭയന്ന് മുന്നോട്ടുപോകാന്‍ വയ്യ’; സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധം തുറന്നുപറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ബന്ധം വെളിപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് അഭയ ഹിരണ്‍മയിയുടെ തുറന്നുപറച്ചില്‍. ഗോപി സുന്ദറുമായി ചേര്‍ന്നുളള ഫോട്ടോ സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങള്‍ ഇരുവരും നിരവധി തവണ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 2008-2019 കാലയളവില്‍ എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇതുവരെ പരസ്യമാക്കിയിരുന്നില്ല. എനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹവുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണ്.’കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമപരമായ കുരുക്കിലാണെന്നും ഗോപി സുന്ദറെ സൂചിപ്പിച്ച് അഭയ് ഹിരണ്‍മയി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ ആരെയും മുന്‍പ് വിവാഹം കഴിച്ചിട്ടില്ല എന്നത് ശരിയാണ്. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷപൂര്‍വം കഴിയുന്നു. അതുകൊണ്ട് തന്നെ മഞ്ഞ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എന്നെ കീപ്പ് എന്നോ കാമുകിയെന്നോ വിളിക്കാം. കുലസ്ത്രീകള്‍ക്ക് കുടുംബം തകര്‍ക്കുന്നവള്‍ എന്ന് വിധിയെഴുതാം.’ അഭയ ഹിരണ്‍മയി പറഞ്ഞു.

‘ഞാന്‍ ഓടി തളര്‍ന്നു. ഇനിയും ഭയന്ന് മുന്നോട്ടുപോകാന്‍ വയ്യ. അതുകൊണ്ടാണ് എല്ലാം തുറന്ന് ഈ പോസ്റ്റ്. നിങ്ങളില്‍ നിന്ന് പൊങ്കാലകള്‍ പ്രതീക്ഷിക്കുന്നു. ആറ്റുകാലില്‍ ഞാന്‍ ഇടുന്ന പൊങ്കാലയാണ് ഇതിലും ഭേദം. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കും’ – അഭയ കൂട്ടിച്ചേര്‍ത്തു. നേരത്തെ നിരവധി സമയങ്ങളില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് ഗോപീസുന്ദറിന്റെ ഭാര്യ തന്നെ മറുപടി നല്‍കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. പിന്നീടാണ് അഭയയുടെ തന്നെ തുറന്നുപറച്ചില്‍ ഉണ്ടാവുന്നത്. ഇവരെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

SHARE