ഓണ്‍ലൈന്‍ ക്ലാസിനിടെ കയറി വന്നത് പോണ്‍; സൂം ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തി സിംഗപൂര്‍- ഹാക്കര്‍മാര്‍ പറ്റിച്ച പണി

സിംഗപൂര്‍ സിറ്റി: സൂം ആപ്ലിക്കേഷന്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സിംഗപൂര്‍ സര്‍ക്കാര്‍. വീട്ടിലിരുന്നു പഠിക്കുന്നതിന്റെ ഭാഗമായി സൂം വഴിയാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കിയിരുന്നത്. ക്ലാസ് നടക്കുന്നതിനിടെ, ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇടയില്‍ പോണ്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്.

വ്യാഴാഴ്ച രണ്ട് സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ചില രക്ഷിതാക്കള്‍ സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് തല്‍ക്കാലം സൂം നിരോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ‘വളരെ ഗൗരവമേറിയ സംഭവം’ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധം എന്ന് എഡ്യുക്കേഷണല്‍ ടെക്‌നോളജി വിഭാഗം ഡിവിഷണല്‍ ഡയറക്ടര്‍ ആരോണ്‍ ലോ വ്യക്തമാക്കി. ആപ്ലിക്കേഷനില്‍ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്കായി സൂം ആപ്ലിക്കേഷന്‍ ജനകീയമായത്. സൂമിന്റെ സുരക്ഷയെ ചൊല്ലി നേരത്തെ തന്നെ വിവാദങ്ങളുണ്ടായിരുന്നു. കോണ്‍ഫറന്‍സിനിടെ ഇടയില്‍ കയറി ഹാക്കര്‍മാര്‍ ജോലി ചെയ്യുന്നതിനെ സൂംബോംബിങ് എന്നാണ് പറയുന്നത്.
നേരത്തെ സുരക്ഷാ കാര്യങ്ങളാല്‍ ഗൂഗ്ള്‍ ജീവനക്കാരുടെ ലാപ്‌ടോപ്പുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

SHARE