40 കിലോയുടെ വെള്ളിശില, ബിഗ് സ്‌ക്രീനുകള്‍, 50 വി.വി.ഐ.പികള്‍; അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് മോദി തറക്കല്ലിടും

ഫൈസാബാദ്: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഭൂമി പൂജയ്ക്കായി വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. നാല്‍പ്പത് കിലോഗ്രാം വരുന്ന വെള്ളിയിഷ്ടികയാണ് ശിലയായി ഇടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലയിടുക. അമ്പത് വി.വി.ഐ.പികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ഭൂമി പൂജയ്ക്ക് മുമ്പായി നടക്കുന്ന ത്രിദിന വേദപാരായണം ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. വി.വി.ഐ.പികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. പൊതുജനങ്ങള്‍ക്ക് പരിപാടി തത്സമയം വീക്ഷിക്കാന്‍ അമ്പത് സി.സി.ടി.വികള്‍ അയോദ്ധ്യയില്‍ ഉടനീളം സ്ഥാപിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങി പ്രധാന നേതാക്കളെയെല്ലാം ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ചിരിക്കുന്ന ട്രസ്റ്റ് ശനിയാഴ്ച യോഗം ചേര്‍ന്നാണ് തീയതി നിശ്ചയിച്ചത്. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിനു വിട്ടുനല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം വിട്ടു നല്‍കണമെന്നും അഞ്ചംഗ ഭരണഘടനാ ബ്ഞ്ച് ഉത്തരവിട്ടിരുന്നു.

ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത് സുപ്രിംകോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയ അതേ ബഞ്ച് തന്നെയാണ് ഭൂമി ക്ഷേത്രത്തിനായി വിട്ടുനല്‍കിയത്. വിധിയിലെ വൈരുദ്ധ്യങ്ങള്‍ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

SHARE