പെരുന്നാള്‍ പെരുമ; ഈദിന് മുമ്പ് ഡല്‍ഹി ജമാ മസ്ജിദ് വൃത്തിയാക്കി സിഖ് സഹോദരങ്ങള്‍- സല്യൂട്ട്!

ന്യൂഡല്‍ഹി: വിദ്വേഷത്തിന്റെ ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ തിരിവെട്ടം തെളിച്ച് വീണ്ടും സിഖ് സമുദായാംഗങ്ങള്‍. ലോക്ക്ഡൗണില്‍ അടഞ്ഞു കിടക്കുകയായിരുന്ന വിഖ്യാതമായ ഡല്‍ഹി ജമാമസ്ജിദ് ശുദ്ധീകരിച്ചാണ് സിഖുകാര്‍ മാനവസാഹോദര്യത്തിന്റെ പുതിയ അടയാളമായത്. റമസാന്റെ അവസാന ദിനമായ മെയ് 23നാണ് സിഖുകാര്‍ പള്ളിയെ അണുവിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയത്.

മുസ്‌ലിംകളുടെ വിശുദ്ധദിനത്തില്‍ ഹൃദയങ്ങള്‍ കീഴടക്കിയ സിഖുകാര്‍ സാമൂഹിക മാദ്ധ്യമങ്ങളിലും തരംഗമായി. നിരവധി പേരാണ് പുണ്യപ്രവൃത്തിയെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ കുറിച്ചത്.

‘ഡല്‍ഹിയിലെ ജമാ മസ്ജിദ് ഇന്ന് സിഖ് സമുദായം വൃത്തിയാക്കി. ഈ നാളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളാണ് കാണുന്നത്. മനുഷ്യത്വമാണ് എല്ലാറ്റിനും മുകളില്‍. അഭിനന്ദനങ്ങള്‍’ – എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ‘ന്യൂനപക്ഷങ്ങളുടെ ഐക്യം നീണാള്‍ വാഴട്ടെ. ജനങ്ങളുടെ ഐക്യം നീണാള്‍ വാഴട്ടെ’- എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

നേരത്തെ, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടായ കലാപത്തിലും സിഖ് സമുദായം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. ആഗോള തലത്തില്‍ ഇവയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.