കോഴിക്കോട്ട് റോഡ് ഷോയില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യമുയര്‍ത്തി സിദ്ദു മോദിയെയും സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനജാഥയില്‍ സംസാരിക്കുകയായിരുന്നു സിദ്ദു.

പൊതുമേഖല ബാങ്കുകളെ തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളില്‍ തിരിച്ചു കിട്ടാത്ത കടം പെരുകുകയാണ്. സമ്പന്നര്‍ക്ക് മാനദണ്ഡമില്ലാതെ ബാങ്കുകള്‍ വായ്പ നല്‍കുന്നു. കോടികളാണ് അദാനി സര്‍ക്കാരിന് നല്‍കാന്‍ ഉള്ളത്. അനില്‍ അംബാനിയ്ക്കും കോടികള്‍ നല്‍കുന്നു. എന്നിട്ടും പ്രധാനമന്ത്രി വിമാനയാത്ര നടത്തുകയാണ്-സിദ്ദു കുറ്റപ്പെടുത്തി. ഒരു കര്‍ഷകന്‍ വായ്പ എടുക്കുമ്പോള്‍ സ്‌പെഷ്യല്‍ സ്‌കീമുകള്‍ ഒന്നുമില്ല എന്നാല്‍ അദാനിയെ കേന്ദ്രം വായ്പയെടുക്കാന്‍ സഹായിക്കുന്നു. കര്‍ഷകരുടെ കടം കേന്ദ്രം എഴുതിത്തള്ളുന്നില്ല.
നീ രവ് മോദിയെയും മല്യയെപ്പോലുമുള്ളവര്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നുമില്ല. ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലായി, അനില്‍ അംബാനിയുടെ ജിയോ പോലുളളവ ലാഭത്തിലാവുകയും ചെയ്തു.

പേടി എം ആരുടെതാണ് ? പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് പ്രധാനമന്ത്രിയല്ലേ എന്നും സിദ്ധു ചോദിച്ചു. വലിയ ശതമാനം നോട്ടു തിരികെ വന്നതോടെ നോട്ടു നിരോധനം പരാജയമായി. അഞ്ചു വര്‍ഷം കൊണ്ട് ജി.ഡി.പി കുത്തനെ താഴ്ന്നു. തൊഴില്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സിദ്ദു പറഞ്ഞു.

കോഴിക്കോട് പുഷ്പ ജംക്ഷനില്‍ നിന്ന് കടപ്പുറം വരെയായിരുന്നു വാഹന പ്രചാരണ ജാഥ. ചൗക്കിദാര്‍ ചോര്‍ഹേ എന്ന മുദ്രാവാക്യമാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിദ്ധു റോഡ് ഷോയില്‍ ഉയര്‍ത്തിയത്.