നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ സിദ്ധീഖിനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ധിഖിനെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം സിദ്ധീഖിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ള നിരവധിയാളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

നടി ആക്രമിക്കപ്പെടുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു പ്രത്യേക അന്വഷണസംഘം പ്രധാനമായും ചോദിച്ചത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മൊഴി.താരനിശയുമായി ബന്ധപ്പെട്ട് നടിയും ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷണസംഘം ചോദിച്ചറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെ പിടിച്ച് മാറ്റിയത് താനാണെന്ന് സിദ്ധിഖ് അന്വേഷണസംഘത്തിനെ അറിയിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ പ്രമുഖര്‍ക്ക് അറിയാമായിരുന്നുവെന്ന് പുറത്തുവന്നിരുന്നു. കൂടാതെ ദിലീപിനുനേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ദിലീപിനെ പിന്തുണക്കുന്ന നിലപാടായിരുന്നു സിദ്ധീഖിന്റേത്. ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും സിദ്ധീഖ് പോലീസ് ക്ലബ്ബിലെത്തിയിരുന്നു. കുറ്റം തെളിയുന്നതിനുമുമ്പു ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും സിദ്ധീഖ് അഭിപ്രായപ്പെട്ടിരുന്നു.