ബി.ജെ.പി എന്തുകൊണ്ട് അധികാരത്തില്‍ വരരുത്; അഞ്ച് കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത ശനിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ പ്രവര്‍ത്തന മികവിന് മുന്നില്‍ അന്തിച്ച് നില്‍ക്കുകയാണ് ബി.ജെ.പിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍. അമിത് ഷായുടെ കുടില തന്ത്രങ്ങളോ മോദിയുടെ ഗീര്‍വാണ പ്രസംഗങ്ങളോ കര്‍ണാടകയില്‍ ഏശുന്നില്ല. മോദിയും കൂട്ടരും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും നുണപ്രചാരണങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ കൃത്യമായതും തെളിവുകളോട് കൂടിയതുമായ വിമര്‍ശനങ്ങളും അവകാശവാദങ്ങളുമാണ് സിദ്ധരാമയ്യയെ വ്യത്യസ്തനാക്കുന്നത്.

ബി.ജെ.പി എന്തുകൊണ്ട് കര്‍ണാടകയില്‍ അധികാരത്തില്‍ വരരുതെന്നതിന് കൃത്യമായി അഞ്ച് കാരണങ്ങളാണ് സിദ്ധരാമയ്യ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. തെളിവുകള്‍ പൊതുജനത്തിന് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പകരമായി ബി.ജെ.പി എന്തുകൊണ്ട് അധികാരത്തില്‍ വരണമെന്നതിന് അഞ്ച് കാരണങ്ങള്‍ പറയാന്‍ തയ്യാറുണ്ടോയെന്നും സിദ്ധരാമയ്യ യെദിയൂരപ്പയെ വെല്ലുവിളിച്ചു.

സിദ്ധരാമയ്യ പറയുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്…

  1. ബി.ജെ.പി കര്‍ണാടക ഭരിച്ച 2008 മുതല്‍ 2013 വരെയുള്ള കാലം കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കാലമായിരുന്നു. ഒരു മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും ഇക്കാലയളവില്‍ അഴിമതിയുടെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നു.
  2. 2008-2013 കാലത്ത് ഒരു സ്ഥിരതയില്ലാത്ത സര്‍ക്കാറാണ് കര്‍ണാടക ഭരിച്ചത്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് മാറി വന്നത്. എം.എല്‍.എമാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ കിട്ടില്ലെന്നാണ് ഭൂരിപക്ഷം സര്‍വേകളും പറയുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് സംസ്ഥാനം തിരിച്ചുപോകരുത്.
  3. ബി.ജെ.പി പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നില്ല. അധികാരത്തിലേറിയാല്‍ നമ്മള്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരെ സ്‌നേഹിക്കണം എന്നൊക്കെ സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകും. എല്ലാത്തിനുമപ്പുറം കന്നടക്ക് മുകളില്‍ അവര്‍ ഹിന്ദിയെ പ്രതിഷ്ഠിക്കും.
  4.  ബി.ജെ.പിക്ക് സമാധാനത്തോട് യാതൊരു താല്‍പര്യവുമില്ല. അവര്‍ വര്‍ഗീയത ഇളക്കിവിടും. ചര്‍ച്ച് അക്രമവും പബ്ബ് അക്രമവും തിരിച്ചു വരും. ഗോരക്ഷകര്‍ തെരുവുകള്‍ കീഴടക്കും. അതൊന്നും നമ്മുടെ ജീവിതത്തിനോ ബിസിനസിനോ ഗുണകരമാവില്ല. നമ്മുടെ ബിസിനസുകള്‍ തകരുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.
  5. ബി.ജെ.പി അവരുടെ വാഗ്ദാനങ്ങളൊന്നും പാലിക്കില്ല. രാജ്യത്ത് 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല. നോട്ട് നിരോധനത്തിലൂടെ അവര്‍ രാജ്യത്തെ പിന്നോട്ടടിച്ചു. സാമ്പത്തിക ഭദ്രത തകര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണ്, സ്ത്രീകള്‍ക്കെതിരാണ്, ദളിതര്‍ക്കെതിരാണ്, ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്, യുവാക്കള്‍ക്കെതിരാണ്, വ്യവസായികള്‍ക്കെതിരാണ്. സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

SHARE