കേന്ദ്ര വിഹിതം മോദിയുടെ ഔദാര്യമല്ല: തുറന്നടിച്ച് സിദ്ധരാമയ്യ

ബംഗളുരു: വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്‍കുന്നത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

‘വികാസി’ന് എതിര്‍ നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ല എന്ന മോദിയുടെ പ്രസ്താവനയടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് സിദ്ധരാമയ്യ കുറിച്ചതിങ്ങനെ: ‘ഭരണഘടനയെപ്പറ്റി ധാരണയില്ല എന്നാണിത് തെളിയിക്കുന്നത്. കേന്ദ്രം നല്‍കുന്നത് അവരുടെ ഔദാര്യമല്ല; ഞങ്ങളുടെ അവകാശമാണ്…’

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വിഭാവനം ചെയ്യുന്ന വിധത്തിലുള്ള ‘വികസന’ത്തോട് വിയോജിക്കുന്നവര്‍ക്ക്, കേന്ദ്ര വിഹിതം നിഷേധിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ മീഡിയ പാനലിസ്റ്റ് ശര്‍മിഷ്ഠ മുഖര്‍ജി, കോണ്‍ഗ്രസ് ദേശീയ വക്താവും ഗുജറാത്ത് എം.എല്‍.എയുമായ ശക്തിസിങ് ഗോഹില്‍ തുടങ്ങിയവര്‍ മോദിക്കെതിരെ ശക്തമായ പ്രതികരണം നടത്തി.

‘ഈ പൈസ നിങ്ങളുടെ അമ്മാവന്റെ വീട്ടിലേതാണോ?’ എന്നായിരുന്നു സഞ്ജീവ് ഭട്ട് ഐ.പി.എസ്സിന്റെ ചോദ്യം.