വിവാദത്തിനിടെ അവാര്‍ഡേറ്റുവാങ്ങി ഷൈന്‍; പ്രേക്ഷകര്‍ കയ്യടിച്ച വാക്കുകള്‍ ഇങ്ങനെ…

ചെന്നൈ: ബിഹൈന്‍ഡ്‌വുഡ്‌സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി യുവനടന്‍ ഷൈന്‍നിഗം. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നടന്‍ ശിവകാര്‍ത്തികേയനില്‍ നിന്നാണ് ഷൈന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. വിവാദങ്ങള്‍ക്കിടെ അവാര്‍ഡു ഏറ്റുവാങ്ങിയ ഷൈന്‍ പിന്നീട് നടത്തിയ പ്രസംഗത്തിന് വലിയ കയ്യടികളാണ് ലഭിച്ചത്.
ഷൈന്റെ വാക്കുകള്‍ ഇങ്ങനെ;

”എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും.എ. ആര്‍. റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവന്‍ ഒരുവന്‍ക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”. അവതാരകര്‍ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ന്‍ വേദി വിട്ടത്. വിജയ് ദെവരകോണ്ട അടക്കം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ എല്ലാം എത്തിയ വേദിയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ നിവിന്‍പോളി, പൃഥ്വിരാജ് തുടങ്ങിയ നിരവധി മലയാളി താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ തിരിച്ചെത്തിയ ഷൈന്റെ സിനിമാവിലക്ക് തുടരുകയാണ്. അമ്മ ഇടപെട്ട് നടത്തുന്ന പ്രശ്‌നപരിഹാര ചര്‍ച്ച നീളുകയാണെന്നാണ് വിവരം.