വെല്ലുവിളിച്ച് ഷൈന്‍; ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തുക നല്‍കണം

കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന ആവശ്യവുമായി നടന്‍ ഷൈന്‍ നിഗം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഇത് തള്ളുകയായിരുന്നു ഷൈന്‍.

നാളെക്കകം ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗം.

അതേസമയം, ഷെയ്ന്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ താരസംഘടനയുമായി തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നേരത്തേ നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല എന്ന് വ്യക്തമാക്കിയതിനാല്‍ മറ്റൊരാളെ വെച്ച് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ഷെയ്ന്‍ നിഗത്തിന് കത്ത് നല്‍കിയത്. എന്നാല്‍ കത്ത് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും താരം യാതൊരു മറുപടിയും നല്‍കാത്തതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വീണ്ടും ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് ഷെയ്ന്‍ കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന് വ്യക്തമാക്കിയത്.

ഈ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഫല തര്‍ക്കത്തില്‍ താരസംഘടനയായ ‘എഎംഎംഎ’യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് അന്തിമ തീരുമാനം എടുത്തതിന് ശേഷം മാത്രമേ താന്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന കടുത്ത നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒമ്പതിന് എഎംഎംഎ’യുടെ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നുണ്ട്.

SHARE