മനാരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഷൈന്‍ നിഗം

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തനിക്ക് മാപ്പ് നല്‍കണമെന്നും കാണിച്ച് ഷൈന്‍ നിഗം രംഗത്ത്. ഇതു സംബന്ധിച്ച് താരം നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കി. ഇതിനു പുറമെ താരസംഘടനായ എഎംഎംഎ, ഫെഫ്ക എന്നിവര്‍ക്കും ഷെയ്ന്‍ കത്ത് നല്‍കിയിട്ടുണ്ട്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അത്തരത്തിലൊരു പരാമര്‍ശം മനപൂര്‍വ്വമായല്ല നടത്തിയതെന്നുമാണ് താരം കത്തില്‍ വ്യക്തമാക്കിയത്.

അതേസമയം, മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള താരത്തിന്റെ കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം രഞ്ജിത്തും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും ഷെയ്ന്‍ വിഷയത്തില്‍ ഭാവി നടപടികള്‍ എന്തെന്ന് വ്യക്തമാവുകയുള്ളൂ.

രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തിയപ്പോഴാണ് ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഷെയ്‌നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താരസംഘടനയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

SHARE