മതത്തിന്റെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നവരോട്

വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി.

ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് .

ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. 
എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.
وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)
അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ മനുഷ്യവർഗമാണ്.

രണ്ട് : മനുഷ്യന് സിദ്ധിച്ച ബൗദ്ധികമായ വിവേചനാധികാരം ഏകമാനമായി സഞ്ചരിക്കുക എന്നത് പ്രകൃതിപരമായി അസാധ്യമാണ്.

പ്രബോധനത്തിന്റെ ലക്ഷ്യവും മാർഗവും മാത്രമേ പലപ്പോഴും ചർച്ചയാവാറുള്ളൂ , പക്ഷെ അതിനേക്കാൾ പ്രധാനം പ്രബോധനത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സകല മനുഷ്യരെയും അണിനിരത്താൻ നബിഹൃദയത്തെ കൊതിപ്പിച്ച പ്രേരണ കാരുണ്യബോധവും സഹജീവിസ്നേഹവുമായിരുന്നു.കരിഞ്ഞ് പോകുമെന്ന ആപത്ത് മനസ്സിലാക്കാതെ തീനാളത്തിലേക്ക് പറന്ന് വരുന്ന ഇയ്യാംപാറ്റകളെ ഉലപ്പണിക്കാരൻ കൈകറക്കിയകറ്റും പോലെ , കഥയറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരെ തീയിൽ പതിക്കാതെ കാക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര സാരസമൃദ്ധമാണ്.

മാർഗദർശനം ലഭിക്കാത്ത അവിശ്വാസികൾ ഇയ്യാംപാറ്റകളാണ് , പാവങ്ങൾ . അവയോടുണ്ടാവേണ്ട അടിസ്ഥാന ഭാവം സഹതാപവും അനുകമ്പയുമാണ്. ഒരേ കാലവും ഒരേ ഭൂമിയും ഒരേ മനുഷ്യവിലാസവും പങ്കിടുന്ന നമ്മിൽ പെട്ടവർ തന്നെ മരണാനന്തരം പരാജയപ്പെട്ടുപോകുമല്ലോ എന്ന ഉയർന്ന ചിന്തയും നമുക്ക് കിട്ടിയ വെളിച്ചം സകല ഹൃദയങ്ങളുടെ താഴുകളും ഭേദിച്ച് സാർവ്വജനീന പരിലാസം കൈവരിച്ചെങ്കിൽ എന്ന കുലീന ചിന്താഗതിയുമാണ് പ്രവാചകനെ പ്രവർത്തിപ്പിച്ചത്. ഈ ഉദാത്ത മനോതലം തിരിച്ചറിയാനാവാതെ വീണ്ടും ഇരുട്ട് വാരിപ്പുണരാൻ മൽസരിച്ച സഹജീവികളോട് തോന്നിയ അലിവും ആർദ്രതയും കൊണ്ട് നനഞ്ഞ് കുതിർന്നതാണ് നബിചരിത്രം .

മറ്റുള്ളവരെ ,അതായത് നാം പറയുന്നത് പോലെ പറയാത്തവരെ അല്ലെങ്കിൽ നാം പറയുന്നത് തന്നെ നാം പറയുന്നതല്ലാത്ത ശൈലിയിൽ പറയുന്നവരെ ഇല്ലാതാക്കണമെന്ന മനോഭാവമാണ് ഇന്നത്തെ ഹൈടെക് തീവ്രവാദത്തിന്റേത്. പ്രപഞ്ചത്തേയും പ്രപഞ്ചനാഥനെയും മനസ്സിലാക്കി വായിക്കാനായ ഒരു മനുഷ്യന്റെ ഹൃദയം ഇവ്വിധം സങ്കുചിതമാവില്ല. മക്കാനിവാസികളുടെ വാക്കേറുകളിൽ മനംപുരട്ടിയ പ്രവാചകനോട് , താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ എന്ന് ചോദിക്കുന്ന ഖുർആനാണ് ബഹുസ്വര സമൂഹത്തിൽ മാതൃകയാവേണ്ടത്. വൈകാരിക വിക്ഷുഭ്ധതയിലും സൗമ്യനായി നിൽക്കാൻ പ്രവാചകന് സാധിച്ചു. അസഹിഷ്ണുതയുടെ ബലം കൂടുന്തോറും സാമുദായിക സ്വത്വം ദുർബലമാവും .

മതത്തെ രാഷ്ട്രീയമായി മാത്രമോ തത്വമീമാംസയായി മാത്രമോ അവതരിപ്പിക്കുന്ന പാൻ ഇസ്ലാമും ഇസ്ലാമിക് പ്യൂരിറ്റാനിസവും അപകടമാണ്. 
അക്ഷര പൂജകരായ മുസ്ലിം സെക്ടറുകളിലെ ഡാറ്റാ ഇസ്ലാമല്ല ,ആത്മീയാചാര്യരുടെ ഫിലോസഫിക്കൽ ഇസ്ലാമാണ് മനുഷ്യരെ നന്നാക്കാൻ പറ്റുന്നത് ,മറ്റേത് നഞ്ഞാവാനേ പറ്റൂ .

ചാവേർ സ്ഫോടനങ്ങൾ ആത്മഹത്യയല്ല എന്ന് പറഞ്ഞ കൃതികൾക്ക് അൻപത് കൊല്ലത്തിലധികം പഴക്കമില്ല . യുദ്ധത്തിൽ സ്വയം മരിച്ച അനുചരനെ സംബന്ധിച്ച് പ്രവാചകൻ നരകാവകാശി എന്ന് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്. അതിന് ശേഷം നബി തുടർന്ന വരികൾ ഇതാണ് .
” തീർച്ചയായും തെമ്മാടികൾ വഴിയും ചിലപ്പോൾ അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും ” . ആ ആത്മമൃത്യൻ നേരത്തെ മതത്തിന് വേണ്ടി നിലകൊണ്ടവനാണല്ലോ എന്ന സന്ദേഹത്തെ നിർത്സരിക്കുകയായിരുന്നു നബി . ശ്രീലങ്കയിൽ പൊട്ടിത്തെറിച്ച ജിഹാദികകളുടെ ഇടം ഫിഖ്ഹിന്റെ കണ്ണിൽ എവിടെയാണ്. അപ്സരസ്സുകളല്ല ,പുഴുക്കളാണ് അവരെ പരിരംഭണം ചെയ്യുക . ഈ വിഷയത്തിലെ ഉയർന്ന വായനക്ക് തലാൽ അസദിനെയും ഡോ .ത്വാഹിറുൽ ഖാദിരിയെയും വായിക്കാം.

ഫലം എന്തുണ്ടാവുന്നു എന്നത് ആരാണ് നോക്കേണ്ടത് പിന്നെ . ഒരു സമൂഹത്തിൽ ആരാധനയും പ്രബോധനവും സാധ്യമാവണമെങ്കിൽ രണ്ട് സാമൂഹിക ഘടകങ്ങൾ പൂർണ്ണമാവണം എന്ന് സൂറ: ഖുറൈഷ് പറയുന്നു ,സാമൂഹികമായ
നിർഭയത്വവും സുഭിക്ഷതയും .

لإِيلَافِ قُرَيْشٍ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ

ഭീകരപ്രവർത്തനങ്ങളുടെയും യുദ്ധങ്ങളുടെയും ബാക്കിപത്രം പട്ടിണിയും വേശ്യാവൃത്തിയുമാണെന്നതിന് മിഡിലീസ്റ്റ് സാക്ഷിയല്ലേ . ശ്രീലങ്കയിൽ നിഖാബും താടിയും നിരോധിക്കപ്പെടാനിരിക്കുന്നു. അതിന് പ്രതികാരമായി തമിഴ്നാട്ടിൽ പൊട്ടിത്തെറിച്ചാൽ ഇസ്ലാമിക സാമ്രാജ്യം ഉണ്ടാവുമോ ?

മതപരമായ അർദ്ധജ്ഞാനങ്ങൾ അപകടം വിതക്കുകയാണ്. കുറേയറിയലല്ല ജ്ഞാനം , ജ്ഞാന മീമാംസയുടെ ഉസ്വൂലുകൾ ( Bases) മനസ്സിലാക്കലാണ് . അത് ഗൂഗിൾ തരില്ല ,ഗുരുമുഖമേ തരൂ..

SHARE