ഷുക്കൂറിനെയും ഷുഹൈബിനെയും എന്തിന് കൊന്നു…?

സി.ബി മുഹമ്മദലി

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ സി.പി.എമ്മുകാര്‍ അതിനിഷ്ഠൂരമായി കൊല ചെയ്തിട്ട് നാളെ ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. കാതോര്‍ത്താല്‍ പട്ടുവം പുഴയോരത്ത് നിന്നും ഒരുമ്മയുടെ നിശബ്ദ നിലവിളി കേള്‍ക്കാം. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത നൊന്തുപെറ്റ തന്റെ മകന്‍ അരിയില്‍ അബ്ദുള്‍ ഷൂക്കൂറിനെ സി.പി.എം അക്രമി സംഘം കൊന്നു തള്ളിയതെന്തിനെന്ന ചോദ്യത്തിന് ആ ഉമ്മ ഇന്നും ഉത്തരം തേടുകയാണ്. ഉള്ളുരുകിയ ആ വാക്കുകള്‍ ആയിരം ശരങ്ങളായി ചെന്നു തറച്ചിട്ടും കുടിലനീതിയുടെ കൂടപ്പിറപ്പുകളായ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഉത്തരമില്ല. ഉത്തരം പറയാന്‍ അവര്‍ക്കാവില്ല. നാവില്‍ സാമൂഹ്യ നീതിയും സ്ഥിതി സമത്വവും വര്‍ഗീയ വിരുദ്ധവും ന്യൂനപക്ഷ സംരക്ഷണവും മാത്രം വിളയാടുന്ന മാര്‍ക്‌സിസ്റ്റ് അക്രമി സംഘം അരിയില്‍ ആത്തിക്ക ഉമ്മയുടെ പൊന്നുമകന്‍ പത്തൊമ്പത് വയസ് മാത്രമുള്ള അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ എന്തിനാണ് കൊന്നു തള്ളിയത്? അവന്‍ ഒരു മുസ്‌ലിം ചെറുപ്പക്കാരനായത് കൊണ്ടാണോ? അതല്ല അവന്‍ ഒരു സംഘടിത ശക്തിയുടെ തേരാളി ആയത് കൊണ്ടാണോ? മറുപടി പറയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായിട്ടും തയ്യാറായിട്ടില്ല. സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുക സാധാരണമാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഒരു സംഘര്‍ഷ സ്ഥലത്തുപോലും എത്തിനോക്കാത്ത ജനസേവനം മാത്രം ലക്ഷ്യമാക്കിയ ഒരു യുവ സേവകനെ കൊന്നു തള്ളിയിട്ട് സഖാക്കള്‍ എന്ത് നേടി? മുസ്‌ലിം വിരോധമല്ലാതെ ഇതിന്റെ പിന്നില്‍ മറ്റെന്താണ്? ആത്തിക്ക ഉമ്മയുടെ നൊമ്പരം കേള്‍ക്കാന്‍ ഇന്നേവരെ മരവിച്ചുപോയ സി.പി.എമ്മിനായില്ല. ആ ഉമ്മ ഹൃദയം പൊട്ടി പറയുകയാണ്.
”എന്റെ മോന്‍ നിഷ്‌കളങ്കനായിരുന്നു. ഒരു ജീവിയെയും നോവിക്കാത്ത അവനെയാണ് സി.പി.എമ്മുകാര്‍ കൊന്നത്. മൂന്ന് മണിക്കൂറുകളോളം എന്റെ പൊന്നുമോന്‍ ജീവന് വേണ്ടി കെഞ്ചി. നിരപരാധിയാണെന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചിട്ടും മനുഷ്യത്വം മരവിച്ച മാര്‍ക്‌സിസ്റ്റ് കാപാലികരുടെ മനസ്സ് ഇളകിയില്ല. ദാഹിച്ചുവലഞ്ഞ് ഒരിറ്റ് വെള്ളം ചോദിച്ച എന്റെ ഷുക്കൂറിനെ പട്ടാപ്പകല്‍ മലര്‍ത്തിക്കിടത്തി കൈകാല്‍ ചവിട്ടിപ്പിടിച്ച് നൂറുക്കണക്കിന് സഖാക്കള്‍ നോക്കിനില്‍ക്കെ നെഞ്ച് പിളര്‍ത്തിയാണ് കൊന്നത്. കൊലയാളികളുടെ കഠാരം ഷുക്കൂറിന്റെ നെഞ്ചിലേക്ക് തുളച്ചു കയറിയപ്പോള്‍ എന്റെ മോന്റെ കുരുന്നുമുഖം എത്ര തേങ്ങിയിട്ടുണ്ടാവും! അതോര്‍ത്ത് ഇന്നേവരെ സമാധാനത്തോടെ ഞാന്‍ ഉറങ്ങിയിട്ടില്ല. നീതിക്കായി റബ്ബിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണ് ഞാന്‍…” ഒരമ്മക്കും ഈ ദുരന്തം വരാതിരിക്കട്ടെ…
എന്നാല്‍ എത്ര അമ്മമാരാണ് മക്കളെ കൊന്നു തള്ളിയതില്‍ വിറങ്ങലിച്ചു കഴിയുന്നത്. സി.പി.എമ്മുകാര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലേ? ഇല്ലെന്നാണല്ലോ കഴിഞ്ഞ ദിവസം കണ്ണൂര്‍ എടയന്നൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ ഒരു കാരണവും ഇല്ലാതെ തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ബോംബെറിഞ്ഞും 37 വെട്ട് വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയത് തെളിയിക്കുന്നത്. ഷുഹൈബും ഷുക്കൂറിനെപ്പോലെ എന്ത് അപരാധമാണ് ചെയ്തത്?
തലശ്ശേരിയിലെ ഫസലിനെയും നാദാപുരത്തെ അസ്‌ലമിനെയും എടക്കാട്ടെ ശാദുലി തുടങ്ങി എത്ര മുസ്‌ലിം ചെറുപ്പക്കാരെയാണ് കൊന്നു തള്ളിയത്? സംഘ്പരിവാറിന് ന്യൂനപക്ഷ ഉന്മൂലമാണ് ലക്ഷ്യം- എന്നാല്‍ സി.പി.എമ്മിന്റെ ലക്ഷ്യവും അത് തന്നെയാണോ?
കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ 31 മുസ്‌ലിംകള്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ട്. അതില്‍ 22 മുസ്‌ലിംകളും മാര്‍ക്‌സിസ്റ്റുകാരാലാണ് കൊല ചെയ്യപ്പെട്ടത്. ഇതാണോ സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം? കേരളത്തില്‍ സംഘ്പരിവാറിനെക്കാളും ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി സി.പി.എമ്മാണെന്ന് അക്രമങ്ങളുടെയും കൊലപാതങ്ങളുടെയും കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. രണ്ട് കൊലക്കേസിലെ പ്രതിയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷമാണ് എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം. പൊലീസ് നിയന്ത്രണം ജയരാജന്റെ കയ്യിലാണെന്ന ആക്ഷേപം നേരത്തെ തന്നെ യു.ഡി.എഫ് ഉന്നയിച്ചതാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയാണ് പി. ജയരാജന്‍. ഷുക്കൂറിന്റെ പാവപ്പെട്ട കുടുംബത്തിന് വേണ്ടി മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി രൂപീകരിച്ച കുടുംബ സഹായ ഫണ്ട് വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് പിരിക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി ഫണ്ട് പിരിവ് പോലും ഇല്ലാതാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ് പി. ജയരാജന്‍. ജയരാജന്‍ ഫണ്ട് പിരിവിനെ എതിര്‍ത്തത് കാരണം നിശ്ചയിച്ച ക്വാട്ടയിലും ഇരട്ടിയാക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ന്യൂനപക്ഷ സംഘശക്തിയെ തകര്‍ക്കാന്‍ പി. ജയരാജന്‍ പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും ഫലം കാണാതായപ്പോഴാണ്. മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കിയവരെ പൊക്കി സി.പി.എമ്മാക്കി ലീഗില്‍ നിന്ന് സി.പി.എമ്മിലേക്ക് ഒഴുക്കാണെന്ന് കുപ്രചരണം നടത്തിയത്. ലീഗിന്റെ സാന്ത്വന പ്രവര്‍ത്തനത്തില്‍ അസൂയപൂണ്ട് പകരം ജയരാജന്‍ സ്വന്തം സാന്ത്വന പരിപാടി ആരംഭിച്ചെങ്കിലും ഫലിച്ചില്ല.
മുസ്‌ലിംലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പല സമാന്തര പരിപാടികളും ആസൂത്രണം ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ഷുക്കൂര്‍ കുടുംബസഹായ ഫണ്ട് പള്ളികളില്‍ പിരിക്കുന്നുവെന്ന് പറഞ്ഞ് പള്ളികള്‍ക്കും മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ക്കുമെതിരെ പരാതി നല്‍കിയ തന്റെ ഉള്ളിലിരിപ്പ് പച്ചയായി ഈ സി.പി.എം നേതാവ് പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്ക് അതൊരു തലവേദനയായി മാറി. പാര്‍ട്ടിയില്‍ മുസ്‌ലിം ജനസംഖ്യ കുറഞ്ഞു കുറഞ്ഞുവന്നു. പിന്നീട് ഭരണ സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും പുറത്താക്കിയവരെ ചാക്കിലാക്കി ഇതാ മുസ്‌ലിം ന്യൂനപക്ഷം സി.പി.എമ്മിലേക്ക് ഒഴുകുകയാണെന്ന് പത്രസമ്മേളനം വഴി തട്ടിവിടുകയായിരുന്നു. പിന്നീട് മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ പ്രത്യേക പാക്കേജ് തയ്യാറാക്കിയ സി.പി.എം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുസ്‌ലിം സഖാക്കളെ തന്നെ പരീക്ഷിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ ന്യൂനപക്ഷ സംഘടിത ശക്തിയെ തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇതിനെ മറികടക്കാനുള്ള മുസ്‌ലിം ലീഗിന്റെ ജനശക്തി ഇപ്പോള്‍ സി.പി.എം മനസ്സിലാക്കിയിട്ടുണ്ടാവും.
അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ ഉമ്മ ചോദിക്കുന്നു: എന്റെ പൊന്നുമോന്‍ ഷുക്കൂറിനെ മാര്‍ക്‌സിസ്റ്റുകാര്‍ എന്തിന് കൊന്നു. എന്നത് പോലെ കണ്ണൂര്‍ എടയന്നൂരിലെ 28കാരനായ ഷുഹൈബ് എന്ന യുവാവിനെ മാര്‍ക്‌സിസ്റ്റുകാര്‍ എന്തിന് കൊന്നു എന്ന് ഷുഹൈബിന്റെ ഉപ്പയുടെ ചോദ്യവും സി.പി.എമ്മിനെ തുറിച്ചുനോക്കുകയാണ്. മനുഷ്യത്വം അല്‍പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉത്തരം പറയണം സഖാക്കള്‍… ഇവിടെയാണ് ഉന്നത നീതിപീഠത്തിന്റെ ചോദ്യത്തിന്റെ പ്രസക്തി. ക്രിമിനലുകളെ എന്തിന് നേതാവാക്കുന്നു… എന്നാണ് കോടതി ചോദിച്ചത്!