‘ശുഹൈബ് അനാഥരുടെ അത്താണി’; അവന്റെ അവസാന ആഗ്രഹം നിറവേറ്റണമെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ അവസാന ആഗ്രഹം നിറവേറ്റണമെന്ന തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം. കുടുംബത്തോടൊപ്പം ശുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എടയന്നൂരിലെ സമ്മേളനത്തില്‍ ശുഹൈബിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുഹൈബിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുമെന്ന് ഡി.സി.സിയും ഉറപ്പ് നല്‍കി.

ശുഹൈബിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എടയന്നൂരിലെ കുട്ടികളുടെ കാര്യം സൂചിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. എടയൂന്നിരിലെ സക്കീനയുടെ മൂന്നു കുട്ടികള്‍ മൂന്നു ദിവസമായി ഭക്ഷണമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന വിവരം അധ്യാപിക മുഖേന മനസ്സിലാക്കിയാണ് ശുഹൈബ് ഇവിടെയത്തിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ക്ക് ഒരു മാസത്തെ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കുകയും ഇനി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കാനുണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ശുഹൈബ് കുട്ടികളോടൊപ്പം നില്‍ക്കുന്ന പടവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശുഹൈബിന്റെ അഭാവത്തില്‍ ഈ കുട്ടികള്‍ അനാഥരാകരുതെന്ന് ഉമ്മന്‍ചാണ്ടി പറയുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം കൂടി ഡി.സി.സി. ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ഉമ്മന്‍ചാണ്ടിക്ക് മറുപടിയായി അറിയിച്ചു.

SHARE