ശുഹൈബ് വധം: പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഷുഹൈബിനെ അതിക്രൂരമായി സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസന്വേഷണത്തില്‍ പൊലീസിന്റെ വിശ്വാസ്യത തകര്‍ന്നു. സി.പി.എം നേതാക്കളും പോലീസിലെ സി.പി.എം ഫ്രാക്ഷന്റെ ഭാഗമായ അംഗങ്ങളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ നാടകമെന്ന് സംശയിക്കേണ്ടിരിക്കുന്നു. പോലീസിന്റെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ത്തി സഖാക്കള്‍ക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ പ്രതികള്‍ അപ്രത്യക്ഷരാകുകയുമാണ്. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ എങ്ങനെയാണ് ഇതിനുപിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

SHARE