സി.പി.എം സമ്മേളനത്തിനുയര്‍ത്താന്‍ കൊണ്ടുപോയ ചെങ്കൊടി ഷുക്കൂറിന്റേയും ഷുഹൈബിന്റേയും ചോര പുരണ്ട ചെങ്കൊടി: എം.എം ഹസന്‍

കണ്ണൂര്‍: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്താന്‍ കൊണ്ടുപോകുന്ന ചെങ്കൊടി ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ചോര പുരണ്ട ചെങ്കൊടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. തൊഴിലാളി പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയായി മാറിയെന്നും ഹസന്‍ പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരന്റെ 48 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം നടത്തുന്ന കൊലപാതങ്ങളില്‍ പ്രതിയാകുന്നത് സാധാരണ കുടുബങ്ങളില്‍ നിന്നുള്ളവരാണ്. പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ പെട്ടവരാരും ഇതുവരെ ഒരു കൊലപാതക കേസിലും പ്രതിയായിട്ടില്ല. ഷുഹൈബിനെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയവരെയും നിയമത്തിന് മുന്നിലെത്തിക്കണം. മുഴുവന്‍ പ്രതികളെയും പിടികൂടുന്നത് വരെ സമരം തുടരുമെന്നും ഹസന്‍ പറഞ്ഞു.

അനിശ്ചിത കാല സമരം വേണമെന്നായിരുന്നു പാര്‍ട്ടിയിലുയര്‍ന്ന വികാരം. എന്നാല്‍ ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന പിണറായി വിജയന്റെ ഭരണത്തില്‍ നീതി പ്രതീക്ഷിക്കുന്നില്ല. കൊലപാതക കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നത് വരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടാകും. കണ്ണൂരില്‍ ഇനി ഒരു കുടുബവും അനാഥമാകരുതെന്നും ഹസന്‍ പറഞ്ഞു.