ശുഹൈബ് വധം: കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ‘ഡമ്മിപ്രതികളെന്ന്’ ആരോപണം; സമരം ശക്തമാക്കി കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സി.പി.എം ഡമ്മിപ്രതികളെ ഇറക്കിയതാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നാളെ രാവിലെ കളക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം തുടരാനിരിക്കുന്ന സാഹചര്യത്തിലാണ് ഡമ്മിപ്രതികളുടെ കീഴടങ്ങലെന്നാണ് ആക്ഷേപം.

കേസില്‍ ആറ് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി. ഇന്നലെ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. അതേസമയം കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊലയാളികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കി. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. .