ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജെന്ന് സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജാണെന്ന് സുധാകരന്‍ പറഞ്ഞു.

ശുഹൈബിന്റെ ശരീരത്തിലുള്ള മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുണ്ട്. ശുഹൈബിനെ കൊല്ലാനാണ് മനോജിന് പരോള്‍ നല്‍കിയതെന്നും സുധാകരന്‍ ആരോപിച്ചു. ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ അത് ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു. കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ശുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കണ്ണൂരില്‍ കെ.സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്. കേസില്‍ പിടിയിലായവരെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു.