ഷുഹൈബ് വധം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. എസ്.എഫ.്‌ഐ ജില്ലാ സെക്രട്ടറിയുടെ സഹോദരനും ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ തില്ലങ്കേരി ആലയാട്ടെ പുതിയ പുരയില്‍ അന്‍വര്‍സാദത്ത്(23) തെരൂര്‍ പാലയോട്ടെ ഡി. വൈ.എഫ്. ഐ പ്രവര്‍ത്തകരായ തയ്യുള്ളതില്‍ പുതിയ പുരയില്‍ അസ്‌കര്‍ (26) മുട്ടില്‍ ഹൗസില്‍ ചന്ദ്രന്റെ മകന്‍അഖില്‍ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഒളിവില്‍ കഴിയുകയായിരുന്ന ഇവരടക്കം അഞ്ച് പേരെ കര്‍ണാടകയിലെ വീരാജ്‌പേട്ടയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് മട്ടന്നൂര്‍ സ്റ്റേഷനില്‍ എസ്പി ജി.ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തശേഷം രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാള്‍ ഷുഹൈബിനെ വെട്ടിക്കൊന്ന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടു പേര്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അസ്‌കര്‍ നേരത്തെ എടയന്നൂര്‍ സ്‌കൂളിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷുഹൈബിന്റെ ശത്രുപക്ഷത്തുള്ള വ്യക്തിയാണ്.

അഖില്‍ നാട്ടുകാരനാണ്. അസ്‌കറിനു നേരത്തെ അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നിവരുമായി അടുത്ത ബന്ധമുള്ളതായി കരുതപ്പെടുന്നു. പ്രതികളെ തേടി ബംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ ബംഗളുരുവില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇവരുടെ അറസ്റ്റോടെ ഷുഹൈബ് വധത്തില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഷുഹൈബിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാരാണ്, പാര്‍ട്ടിയുടെ ഏത് തലത്തില്‍ വരെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു എന്നീ കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. കൊല്ലാനുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനവും കണ്ടെത്താനുമുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ആകാശിനെയും റിജിന്‍ രാജിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫെബ്രുവരി 12ന് രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

SHARE