രാഷ്ടീയ കൊലപാതകങ്ങളെ ചൊല്ലി പ്രതിപക്ഷ ബഹളം; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും രാഷ്ട്രീയ കൊലപാതകങ്ങളാള്‍ സമാധാനം നഷ്ടപ്പെട്ടത് ആരോപിച്ചും നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സ്പീക്കര്‍ ഡയസിലെത്തിയ ഉടനെ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ച് ബഹളം വെക്കുകയും നടുത്തളത്തിലിറങ്ങുകയുമായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കിയെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രക്ഷുപ്തമാക്കി.

തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയവും അനുവദിച്ചില്ല. തുടര്‍ന്ന് സ്പീക്കറുടെ ചേംബറിനു മുന്നില്‍ പ്രതിപക്ഷം ബാനര്‍ നിവര്‍ത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തുകയുമുണ്ടായി. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

സഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അടിയന്തര പ്രമേയം അനുവദിക്കിനാവില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. പ്രതിപക്ഷം മര്യാദ കാട്ടണമെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.