സ്പ്രിംക്ലര്‍ കരാര്‍ വെറുമൊരു രാഷ്ട്രീയ വിവാദമല്ല

താത്വികമായി, മനുഷ്യന്റെ സ്വകാര്യതകളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില ആഗോള നിരീക്ഷണങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതാണ്. മനുഷ്യന്റെ ഭൂതവും ഭാവിയും നിരീക്ഷിക്കുന്നവരില്‍ ഇന്ന് ഏറെ ശ്രദ്ധേയനായ ഇസ്രയേലീ ചിന്തകനാണ് യുവാല്‍ നോവ ഹരാരി. അദ്ദേഹത്തിന്റേതായി ഇയ്യിടെ പുറത്തു വന്ന ലോകം കൊറണാനന്തരം എന്ന വിശകലനത്തില്‍ മനുഷ്യന്റെ സ്വകാര്യതയും ഭരണകൂടത്തിന്റെ / അവരുടെ ഏജന്റുമാരുടെ സുതാര്യതായജ്ഞങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാവും നാളേകളില്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്.

https://www.ft.com/con…/19d90308-6858-11ea-a3c9-1fe6fedcca75

രണ്ട് തരം അസ്തിത്വമാണ് മനുഷ്യന്‍. ജൈവികാസ്തിത്വവും ആത്മീകാസ്തിത്വവും.രണ്ടാമത് പറഞ്ഞ തലം വിവിധ രൂപങ്ങളില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടാറുണ്ടെങ്കിലും ശാരീരികപരതക്കധീതമായ സ്വത്വം ഒരു യാഥാര്‍ത്ഥ്യമാണ്.

മനുഷ്യന്റെ രണ്ട് മൂലധനങ്ങളായ രഹസ്യവും സ്വകാര്യതയും ആ രണ്ട് തലങ്ങളോടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. രഹസ്യവും സ്വകാര്യവും തമ്മില്‍ നിര്‍വ്വചനപരമായ വ്യത്യാസമുണ്ട്.
വൈകാരികമായ കാരണങ്ങളാല്‍ അപരരില്‍ നിന്നും മറച്ചുവെക്കുന്ന കാര്യങ്ങളാണ് രഹസ്യം .
സ്വയം നിര്‍ണ്ണയിക്കുന്ന അതിര്‍ത്തിക്കുള്ളിലേക്ക് ജീവിതത്തെ ഒതുക്കുന്ന സാമൂഹിക പ്രക്രിയയാണ് സ്വകാര്യത . മനുഷ്യന്‍ ഏറ്റവും പരിചയപ്പെട്ട ജീവിയാണെങ്കിലും എപ്പോഴും അവനില്‍ സ്ഥിതി ചെയ്യുന്ന അനിശ്ചിതത്വവും അപ്രവചനീയതയുമാണ് അവന്റെ സാമൂഹിക പരിണാമങ്ങളെ തീരാത്ത തുടര്‍ച്ചകളിലേക്ക് ചേര്‍ക്കുന്നത്. ബോധപൂര്‍വ്വം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന സാമൂഹിക ജീവി എന്ന സ്ഥാനം മനുഷ്യന് ഉല്‍ഭവം മുതലേ ഉള്ളതാണ് .
ഈ നൈസര്‍ഗികതയെയാണ് കോവിഡാനന്തര രാഷ്ട്രീയം വ്യഭിചരിച്ച് നശിപ്പിക്കുക എന്ന വര്‍ഗഭീതി ഗൗരവമുള്ളതാണ്.

നോവഹരാരിയുടെ കൂടെ കുറച്ച് സഞ്ചരിക്കാം ,
കോവിഡ് 19 ആവശ്യപ്പെടുന്നതനുസരിച്ച് ഭരണകൂടങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയെ പിന്‍തുടരുന്നു എന്നതിന് വലിയ പ്രത്യാഘാത സാധ്യതകള്‍ തന്നെയുണ്ട്. പാന്‍ഡമിക്കാണ് ഇന്ന് വ്യക്തിത്വങ്ങള്‍ക്ക് വിപണന മൂല്യം നിര്‍ണ്ണയിക്കപ്പെടാനുള്ള ഉപായം. ജീവനാണോ ,സ്വകാര്യതയാണോ ഇപ്പോള്‍ നിങ്ങള്‍ക്ക് വലുത് എന്ന ചോദ്യത്തിലൂടെയാവും ഡാറ്റാ തീനികള്‍ ലോകം കീഴടക്കുക. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ പ്രധാന ചോദ്യം അത് തന്നെയാണ്.

ഇന്ത്യയിലൊന്നും അത്ര കാര്യമായി നടന്നിട്ടില്ലെങ്കിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നിരവധി ഭരണകൂടങ്ങള്‍ ഇതിനകം തന്നെ പുതിയ നിരീക്ഷണ ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന അവ്വിഷയത്തില്‍ ഏറെ മുന്നോട്ട് പോയി. ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കിഴക്കന്‍ ഏഷ്യയില്‍ മാത്രമായി ഒതുങ്ങുന്നില്ല. കൊറോണ വൈറസ് രോഗികളെ കണ്ടെത്തുന്നതിന് സാധാരണയായി തീവ്രവാദികളോട് പോരാടുന്നതിന് കരുതിവച്ചിരിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യ വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തിടെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയെ അധികാരപ്പെടുത്തിയിരുന്നു.

കരയിലും കടലിലും ആകാശത്തും നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയ രാജ്യങ്ങളുണ്ട്. അതിന് സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വാടക വ്യവസ്ഥയില്‍ നിരീക്ഷണ ജോലി ചെയ്ത് കൊടുക്കാന്‍ സ്വകാര്യ കമ്പനികള്‍ തയ്യാറായി വരുന്നു എന്നതാണ് പുതിയ വിശേഷം. യുവാല്‍ നോവ ഹരാരി ഇതിന് പറയുന്ന ഉദാഹരണം ശ്രദ്ധേയമാണ്. 50 വര്‍ഷം മുമ്പ് ലോകത്തെ എറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സി സോവിയറ്റ് യൂണിയന്റെ കെ ജി ബി ആയിരുന്നു. അവര്‍ക്ക് അന്നത്തെ 240 മില്യണ്‍ ജനങ്ങളെ നിരീക്ഷിക്കാന്‍ ആവശ്യമായ സമയത്തിന്റെ പത്തിലൊന്ന് വേണ്ട ഇന്ന് ഏഷ്യയും യൂറോപ്പും ആകെ നടക്കുന്ന ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ .

ഓരോ പൗരനും ശരീര താപനിലയും ഹൃദയമിടിപ്പും 24 മണിക്കൂറും അളക്കാന്‍ കഴിയുന്ന ഒരു ബയോമെട്രിക് ബ്രേസ്ലെറ്റ് ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ സങ്കല്പിച്ചു നോക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. . തുടര്‍ന്ന് ലഭ്യമാകുന്ന ഡാറ്റ ഭരണകൂട അല്‍ഗോരിതം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ശരീരതാപനില മുതല്‍ സമ്പര്‍ക്ക സഞ്ചാര പഥങ്ങള്‍ പൗരനോട് മറന്നു പോയാലും ഭരണകൂടത്തിന്റെ രേഖയില്‍ പതിഞ്ഞിട്ടുണ്ടാവും. വൈറസ് വ്യാപനം തടയാന്‍ അങ്ങേയറ്റം സഹായകമായ ഈ മാര്‍ഗം ,ഏകാധിപതികളോ അവരേക്കാള്‍ അപകടകാരികളായ ജനാധിപത്യത്തിലെ ഏകാധിപതികളോ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് പോസ്റ്റ് കൊറോണിയല്‍ രാഷ്ട്രീയം .

ഔഷധക്കമ്പനികളെ പോലോത്തവര്‍ മനുഷ്യരുടെ വേദനകള്‍ ലാഭമാക്കും എന്നത് മാത്രമാണ് ഇവിടെ ഉയരുന്ന ആക്ഷേപം. പക്ഷെ അഭിമാനത്തെയും അസ്ഥിത്വത്തെയും ബാധിക്കുന്ന പ്രശ്‌നമാണ് അതിന്റെ വികസിത രൂപം. മനോവിചാരങ്ങള്‍ ഒപ്പിയെടുക്കാന്‍ പോലും പറ്റുന്ന വിധം ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2050 ഓടെ ലോകം കീഴടക്കും എന്ന തള്ളിക്കളയാനാവാത്ത കാര്യം മറുപുറത്തുണ്ട്. ഭരണകൂടം ജനാധിപത്യത്തിലൂടെ ഏകാധിപതികളാവുന്ന കാലമാവും അത്. പൗരന്‍ കാണുന്ന വായിക്കുന്ന ശ്രദ്ദിക്കുന്ന ചിന്തിക്കുന്ന മേഖലകള്‍ ഒപ്പിയെടുക്കപ്പെടും .അവന്റെ ശരീര താപനില, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഭരണകൂടം നിരീക്ഷിക്കുകയാണപ്പോള്‍ . പൗരന്‍ എങ്ങനെ ചിന്തിക്കുന്നു ,ചിരിക്കുന്നു ,കരയുന്നു എന്നതടക്കമുള്ള വൈകാരിക ക്ഷോഭങ്ങള്‍ മാര്‍ക്ക് ചെയ്യപ്പെടുന്നതിന്റെ ബാക്കിപത്രം വൈകാരികാവകാശ നിഷേധമായിരിക്കും.
കോപം, സന്തോഷം, വിരസത, സ്‌നേഹം തുടങ്ങിയവ പനിയും ചുമയും പോലെ തന്നെ ജൈവിക പ്രതിഭാസങ്ങളാണ്. ചുമയെ തിരിച്ചറിയുന്ന അതേ സാങ്കേതികവിദ്യയ്ക്ക് ചിരികളെയും തിരിച്ചറിയാന്‍ കഴിയും. കോര്‍പ്പറേറ്റുകളും സര്‍ക്കാരുകളും നമ്മുടെ ബയോമെട്രിക് ഡാറ്റ കൂട്ടത്തോടെ വിളവെടുക്കാന്‍ തുടങ്ങിയാല്‍, അവര്‍ക്ക് നമ്മളെ നമുക്ക് അറിയുന്നതിനേക്കാള്‍ നന്നായി അറിയാന്‍ സാധിക്കും. അവര്‍ക്ക് നമ്മുടെ വികാരങ്ങള്‍ പ്രവചിക്കാന്‍ മാത്രമല്ല, നമ്മുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ക്ക് ആവശ്യമുള്ളതെന്തും അങ്ങനെ വില്‍ക്കാനും കഴിയും. .ഭരണകൂടത്തിന് മനുഷ്യന്‍ എന്ന വിലാസം എളുപ്പത്തില്‍ പൗരന്‍ എന്നാക്കാം .അതവനെ ദേശീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഉപകരണമാക്കുന്നു. ഇതാണ് ഉത്തര കൊറിയ പോലുള്ള രാജ്യത്ത് സംഭവിക്കുന്നത്. അവിടെ നടേ പറഞ്ഞത് പോലെ പൗരന്മാരുടെ വൈകാരിക ചാഞ്ചാട്ടങ്ങള്‍ നിരീക്ഷപ്പെട്ടാല്‍ എന്തുണ്ടാവും ?

മനുഷ്യ ഡാറ്റകള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രങ്ങളുടെ സംഘട്ടനം അടുത്ത ലോകമഹായുദ്ധമായേക്കാം എന്ന്
പ്രവചിച്ചവരും ഉണ്ട്.
Data is the new oil എന്ന നിരീക്ഷണം കോവിഡ് 19 ന് മുമ്പേ ലോകത്തുണ്ട്.
https://medium.com/@adeola…/data-is-the-new-oil-2947ed8804f6

ഉശഴശമേഹ ഡിശ്‌ലൃലെല്‍ 2025 ആകുമ്പോഴേക്കും ഉണ്ടാകാന്‍ പോകുന്നത് 180 ്വലേേമയ്യലേ െഡാറ്റയാണ് (180നു ശേഷം 21 പൂജ്യം). ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്ഫബെറ് തുടങ്ങിയ കമ്പനികളുടെ പ്രധാന മൂലധന നിക്ഷേപം മുഴുവന്‍ ഇതിനുവേണ്ടിയാണ്.

കൊറോണ വൈറസ് വ്യാപനം പൂജ്യമായി കുറയുമ്പോഴും, ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ചില ഡാറ്റാ തീനികളായ സര്‍ക്കാരുകള്‍ വാദിക്കാം. കൊറോണ വൈറസിന്റെ രണ്ടാമതൊരു തരംഗത്തെ ഭയപ്പെടുന്നു എന്നോ , അല്ലെങ്കില്‍ മദ്ധ്യാഫ്രിക്കയില്‍ ഒരു പുതിയ എബോള വൈറസ് വികസിക്കുന്നുവെന്നോ അവര്‍ക്ക് കാരണങ്ങള്‍ പറയാം .യുവാല്‍ നോവ ഹരീരിയുടെ ഇത്തരം നിരീക്ഷണങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ വേണ്ടത്ര ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല .

അതായത് ,പിണറായി വിജയന്‍ നേരിട്ടോ നേരിട്ടല്ലാതെയോ ഇപ്പോള്‍ ചെയ്ത ഡാറ്റാ കൈമാറ്റക്കാര്യം ഒരാഗോള പ്രതിഭാസത്തിന്റെ ഭാഗമാണ്. കുത്തക മുതലാളിമാര്‍ ,കോര്‍പറേറ്റുകള്‍ എന്നൊക്കെ ഇടതുപക്ഷം ആക്ഷേപമായി ഉപയോഗിക്കുന്ന ക്ലീഷേകള്‍ അവര്‍ക്ക് തന്നെ അറം പറ്റിയെന്നതാണ് വസ്തുത. പക്ഷെ ,ഇത് ബോധപൂര്‍വ്വമായ ഒരു അബദ്ധമാവാന്‍ വഴിയില്ല. സാമ്പത്തികമായി ഓടാനും നടക്കാനുമല്ല ,എങ്ങനെയെങ്കിലും എണീറ്റ് നില്‍ക്കാന്‍ വഴിതേടുകയായിരുന്ന സര്‍ക്കാര്‍ ചെന്നുപെട്ട കെണിയാണിത്.ഉദ്ദേശ്യശുദ്ധി പരിഗണിച്ച് നമ്മടെ സ്വന്തം സര്‍ക്കാറിന് നാം പൊറുത്തു കൊടുക്കേണ്ട അമളി മാത്രം !

പക്ഷെ , ഈ ഒപ്പും ഉറപ്പുമില്ലാത്ത കരാര്‍ എന്തോ വലിയ പാനിപ്പട്ട് യുദ്ധം ജയിച്ച കോളാണ് എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍ ചിന്താവാരിക കൂടെ വെക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. ആഗോളവ്യാപാരത്തിന്റെ ദല്ലാളുമാരായി തങ്ങള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ മാറിപ്പോയി എന്ന തിരിച്ചറിവാണ് വേണ്ടത്. മുമ്പ് കംപ്യൂട്ടറിനെ എതിര്‍ത്താണ് കാലത്തോടൊപ്പം ഓടിത്തോറ്റത് എങ്കില്‍ ഇന്ന് എക്‌സ്ട്രാ പ്ലസ് കംപ്യൂട്ടറിനൊപ്പം കൂടി കാലത്തോടൊപ്പം ഓടാനാവാതെ തോല്‍ക്കുന്നു എന്ന വൈരുധ്യാതിഷ്ഠിത ഭൗതികതയാണ് സംഭവിക്കുന്നത്.

ലോകത്തിന്റെ മൊത്തം ആരോഗ്യ വിവരങ്ങള്‍ ഒറ്റ സോഫ്റ്റ് വയറിന്റെ കീഴില്‍ വരുന്നത് ആരോഗ്യ പ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കില്ലേ ,എന്നൊക്കെയുള്ള ചോദ്യക്കാരോട് ഇതേ പറയാനുള്ളൂ ,
ഒരു സോഫ്റ്റ്വയറിന്റെ സുരക്ഷിതത്വം അതിനെ ആവരണം ചെയ്യുന്ന മറ്റൊരു സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്നത് വരെയേ ഉണ്ടാവുകയുള്ളൂ .വ്യക്തിമൂല്യം ,സ്വകാര്യ ധാര്‍മ്മികത ,സംസ്‌ക്കാരം തുടങ്ങിയ ഘടകങ്ങള്‍ ഹോമിക്കപ്പെടുന്ന മാറ്റങ്ങള്‍ ഒന്നും നല്ലതല്ല. ജനതയുടെ സംസ്‌ക്കാരം മാറ്റലല്ല ,സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ ചുമതല.

ആധാര്‍ ,പാന്‍ ,പാസ്‌പോര്‍ട്ട് വേണ്ട കേവലം ഒരു യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യുമ്പോള്‍ തന്നെ വേണ്ട രേഖകള്‍ കൊടുക്കുന്നില്ലേ ,പിന്നെയെന്തിനാണീ വെപ്രാളം എന്ന് ചോദിക്കുന്നവര്‍ ,പറയും മുമ്പ്
Personal data , Personal sensitive data , Personal critical data ഇവ മൂന്നും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്യുക ! ജലൃീെിമഹ റമമേ മാത്രമാവുന്നത് പോലല്ല അതല്ലാത്തത് .വ്യക്തിയുടെ ആരോഗ്യവും ലൈംഗികാഭിരുചിയും Personal sensitive data ആണ്.

ഇപ്പോഴത്തേത് കേരളത്തിന്റെ രാഷ്ട്രീയ വിവാദമല്ല , പുതിയ കാലത്തോടും നാഗരികതയോടും ബന്ധപ്പെട്ട ആഗോള രാഷ്ട്രീയമാണ് .

ഇപ്പറഞ്ഞതൊന്നും ‘പോരാ’ എന്നോ ‘മനസിലായില്ല ‘ എന്നോ ആണെങ്കില്‍ ഇത്രചിന്തിച്ചാല്‍ മതി ,
നമ്മടെ ഭാര്യ ഹോസ്പിറ്റലില്‍ സിസേറിയന്‍ സര്‍ജറിക്ക് വേണ്ടി അഡ്മിറ്റായ ശേഷം മടങ്ങുമ്പോള്‍ ,ഡിസ്ചാര്‍ജ്ജ് ഷീറ്റും റെക്കോഡുകളും അയല്‍വാസിക്ക് കൈമാറുന്നത് നാം ഇഷ്ടപ്പെടുമോ ?
അല്ലെങ്കില്‍ ,നാം യൂറോളജി ഡോക്ടറോട് പതുക്കെ പറയുന്നത് പിന്നിലുള്ള ആള്‍ കട്ടു കേള്‍ക്കുന്നത് എന്ത് ഇമോജിയിലൊതുങ്ങുന്ന ഫീലിലാണ് തീരുക!

അതിനാണ് മനുഷ്യന്റെ അന്തസ് എന്ന് പറയുന്നത്. അതിന്റെ ചുവട്ടിന്റെ ചുവടോളം മാത്രമേ വികസനത്തിന്റെ മേലാപ്പിന് വളര്‍ച്ചാവകാശം പാടുള്ളൂ .

SHARE