ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് രാജ്യത്തിന്റെ യുവതയെ ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് വൈകി 3 മണിക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ധര്ണയിലേക്കെത്താനാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.
പൗരത്വനിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കാണിക്കേണ്ടത് അനിവാര്യമാണ്. നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്ന് വളര്‍ത്തുന്ന് വെറിപ്പിന് രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് നിര്‍ണായകമാണ്, രാഹുല്‍ ട്വീറ്റ് ചെയ്തു.
പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മുന്കൂട്ടിനിശ്ചയിച്ചതുപ്രകാരമുള്ള വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍ ഗാന്ധി. അതേസമയം പ്രക്ഷോഭകര്‍ക്കൊപ്പം ശക്ത സാന്നിധ്യമായി പ്രയങ്ക ഗാന്ധിയും മറ്റു മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ടായിരുന്നു. ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ രാജ്യത്തെ ദുരതത്തിലേക്ക് തള്ളിയിട്ട അമിത് ഷാ-മോദി കൂട്ടുകെട്ടിന് ശക്തമായ മറുപടി കൂടിയാണ്. ഞായറാഴ്ച നടത്താനിരുന്ന പരിപാടിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
രാജ്യത്തെ യുവാക്കളുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ തകര്‍ച്ചയും കാരണം ഉയര്‍ന്നു വരുന്ന യുവരോഷത്തില്നിന്ന് രക്ഷപ്പെടാന്‍ വെറുപ്പിനു പിന്നില്‍ ഒളിക്കുകയാണ് മോദിയും അമിത് ഷായും ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കള്ളപ്രചാരണത്തിലൂടെ കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് മുസ്്ലിംകളെ സര്‍ക്കാറിനെതിരെ ഇളക്കിവിടുകയാണെന്ന രാംലീലാ മൈതാനിയിലുടെ മോദിയുടെ പ്രസംഗത്തിന് മറുപടിയായിട്ടായിരുന്നു വിദേശത്തുള്ള രാഹുലിന്റെ പ്രതികരണം.
”പ്രിയപ്പെട്ട യുവാക്കളെ, മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തിരിക്കുന്നു. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയും സമ്പദ് വ്യവസ്ഥ തകര്‍ത്തും ഭാവി നഷ്ടപ്പെട്ട നിങ്ങളുടെ അമര്‍ഷത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് സ്നേഹത്തില്‍ കഴിയുന്ന നമ്മുടെ ഇന്ത്യയെ ഭിന്നിപ്പിക്കുന്നതും വെറുപ്പിനു പിന്നില്‍ ഒളിച്ച് അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും. ഓരോ ഇന്ത്യക്കാരനോടും സ്നേഹം പ്രകടിപ്പിച്ചുകൊണ്ടു മാത്രമേ നമുക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയൂ- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.