നിര്‍ഭയം മമത; ഹര്‍ജി സുപ്രീം കോടതിയില്‍ അല്പസമയത്തിനകം പരിഗണിക്കും

കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം.

അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ അൽപസമയത്തിനകം സുപ്രീംകോടതി പരിഗണിക്കും.
ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സി.ബി.ഐ നല്‍കിയ ഹര്‍ജി
യില്‍ , അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം. 
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ കേസരി നാഥ് തൃപാഠി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കൊല്‍ക്കത്തയിലെ പ്രത്യേക സ്ഥിതിഗതികളില്‍ ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുളള അടിയന്തര നടപടി കൈക്കൊളളാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം തളളിയ സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് അറിയിച്ചു. ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും എതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ തെളിവ് നശിപ്പിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി സിബീഐയോട് നിര്‍ദേശിച്ചു. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നല്‍കി. അതേ സമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ അതേ രീതിയില്‍ തന്നെ മമതയും തിരിച്ചടിച്ചു. കൊല്‍ക്കത്തയുടെ ചുമതലയുളള സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്‌ക്കെതിരെ കൊല്‍ക്കത്ത പൊലീസ് സമന്‍സ് അയച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
സിബിഐ നടപടിക്കെതിരെ പൊലീസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കും. അതേ സമയം കൊല്‍ക്കത്തയില്‍ ധര്‍ണ സമരമിരിക്കുന്നത് തുടരുമെന്ന് അറിയിച്ച മമത മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചു വിട്ടത്. സത്യഗ്രഹ സ്ഥലത്തു വെച്ചു തന്നെ സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്ന മമത തന്റെ പോരാട്ടം ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കെതിരെ അല്ലെന്നും മോദി സര്‍ക്കാറിനെതിരെ ആണെന്നും പറഞ്ഞു.
സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സത്യഗ്രഹ വേദിയില്‍ വിതരണം ചെയ്ത് പൊലീസിനുള്ള പിന്തുണ അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. പൊലീസിനോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മമത പറഞ്ഞു. കേന്ദ്രം ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ കര്‍ഷക ക്ഷേമ നടപടികളില്‍ കേന്ദ്രത്തിന് അസൂയയാണ്. മോദി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സംഭകളും ഇന്നലെ സ്തംഭിച്ചു. ടി. എം. സി അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
പാര്‍ലമെന്റില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കൊല്‍ക്കത്തയില്‍ സിബിഐ സംഘത്തെ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും കൊല്‍ക്കത്ത പൊലീസിനോട് കേന്ദ്രം വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്‍ക്കത്ത പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലില്‍ സത്യഗ്രഹമിരിക്കുന്ന മമത ബാനര്‍ജിക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി. ഇടത് പാര്‍ട്ടികളും, ടി.ആര്‍.എസും ഒഴികെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും മമതയെ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്ന ഗൂര്‍ഖ ജന മുക്തി മോര്‍ച്ച മമതക്ക് പിന്തുണ അറിയിച്ച് ഡാര്‍ജിലിങില്‍ പ്രകടനം നടത്തുകയും ചെയ്തു.