അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റു മരിച്ചു

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം അറിയിച്ചു.