ബംഗ്ലാദേശ് എഴുത്തുകാരന്‍ ഷാജഹാന്‍ ബച്ചു കൊല്ലപ്പെട്ടു

 

ധാക്ക: പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചുവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. സ്വദേശമായ ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മുന്‍ഷിഗഞ്ച് ജില്ലയിലെ കാകല്‍ഡിയിലാണ് സംഭവം.
രണ്ടു ബൈക്കുകളിലെത്തിയ അഞ്ചു അക്രമികള്‍ ഷാജഹാനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സുഹൃത്തിനെ കാണുന്നതിനായി മുന്‍ഷിഗഞ്ചിലെ ഫാര്‍മസിയിലെത്തിയ ബച്ചുവിനെ പുറത്തേക്ക് വലിച്ചിറക്കിയ ശേഷമാണ് ആക്രമിച്ചത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ച ഷാജഹാന്‍ അന്ധവിശ്വാസത്തിനെതിരെ നിരന്തരം പോരാടിയ എഴുത്തുകാരനായിരുന്നു. കവി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട ബച്ചു ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നു. അനീതികള്‍ക്കെതിരെ നിരന്തരം ശബ്ദിച്ച ഷാജഹാനെ തീവ്ര സംഘടനകള്‍ നേരത്തെ ലക്ഷ്യംവെച്ചിരുന്നു. നിരന്തര ഭീഷണികളെ തുടര്‍ന്ന് കുറച്ചുകാലം സുരക്ഷിത കേന്ദ്രത്തിലേക്ക് താമസം മാറ്റിയിരുന്നു ബച്ചു.
എന്നാല്‍ സമീപകാലത്ത് ഭീഷണി സന്ദേശങ്ങള്‍ക്ക് അയവു വന്നതോടെ അദ്ദേഹം വീണ്ടും പൊതുവേദികളില്‍ സജീവമായി. ബംഗ്ലാദേശില്‍ മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമികള്‍ അദ്ദേഹത്തെ ആക്രമിച്ചത്.

SHARE