ഫ്രാന്‍സിലെ സ്‌കൂളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്ക്

പാരിസ്: അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) ഓഫീസിലുണ്ടായ ലെറ്റര്‍ ബോംബ് സ്‌ഫോടനത്തിനുശേഷം ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്‌കൂളില്‍ വെടിവെപ്പ്. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസെ നഗരത്തില്‍ ഹൈസ്‌കൂളിലൂണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴ് വയസുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് തോക്കുകളും ഗ്രനേഡുകളും അക്രമിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ലൈസി അലെക്‌സിസ് ടോക്യുവില്ലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഹെഡ്മാറ്ററും പരിക്കേറ്റവരില്‍ പെടും. സംഭവം ഭീകരാക്രമണമല്ലെന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കി. വ്യക്തിപരമായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ഗ്രാസെ ലോക്കല്‍ കൗണ്‍സില്‍ വക്താവ് പറഞ്ഞു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വെടിവെപ്പില്‍ പങ്കുള്ളതായി പൊലീസ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടാമന്‍ ഓടിപ്പോയി.
വെടിവെപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഒളിച്ചു. രാജ്യവ്യാപകമായി ഫ്രഞ്ച് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗ്രാസെയിലെ മുഴുവന്‍ സ്‌കൂളുകളും അടച്ചു.

SHARE