മുല്ലപ്പള്ളിക്ക് പിണറായിയോട് അസൂയയല്ല സഹതാപമാണ് ; ഡോ. ശൂരനാട് രാജശേഖരന്‍

തിരുവനന്തപുരം: നാല് വര്‍ഷത്തിനുള്ളില്‍ നാല് വന്‍ദുരന്തങ്ങള്‍ നാടിനും ജനതയ്ക്കും ഏറ്റുവാങ്ങേണ്ടിവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലവിധിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് അസൂയയല്ല. സഹതാപമാണുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ പ്രസാതവിച്ചു.പിണറായി ഭീരുവാണെന്നും കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പലതവണ പറഞ്ഞിട്ടുള്ളത് കെപിസിസിയുടെ വ്യക്തമായ അഭിപ്രായമാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ക്യാമ്പുകളില്‍ മാനസികവും ശാരീരികവുമായി നീറികഴിയുന്ന ആയിരങ്ങളും, അവരുടെ കുടുംബങ്ങളേയും കൂടി പ്രവാസികളായി കണക്കാക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.ശതകോടിശ്വരന്മാരായി മാറാന്‍ സൗഭാഗ്യം കിട്ടിയ പ്രവാസികളെ മാത്രം പ്രവാസികളുടെ ലിസ്റ്റില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുത്തുന്നു എന്ന ആക്ഷേപം കേരളത്തില്‍ കോടികള്‍ പൊടിപൊടിച്ച് നടത്തിയ രണ്ട് പ്രവാസി സമ്മേളനങ്ങള്‍ സാക്ഷ്യയാണ്.
കേരള ബാങ്ക് ജീവനക്കാര്‍ 15 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതു ജീവനക്കാരുടെ പേരില്‍ എഴുതേണ്ടെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇനിയും ജനിച്ചിട്ടില്ലാത്ത കേരളാ ബാങ്കിന്റെ പേരില്‍ കൃത്രിമം നടത്തുന്നത് ശരിയോ എന്ന് മുല്ലപ്പള്ളി ചോദിച്ചത്.

15 കോടിരൂപയുടെ ചെക്ക് സംസ്ഥാന സഹകരണബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് മുഖ്യമന്ത്രിക്ക് നല്‍കിയത് ഏത് കണക്കിലാണെന്ന് വ്യക്തമാക്കണം. ഈ തുക കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണബാങ്കിലെയും ജീവനക്കാരുടെ അടിസ്ഥാന ശമ്പളമാണെന്നാണ് അന്ന് പറഞ്ഞത്. അതു എത്രകൂട്ടിയാലും 12 കോടി 25 ലക്ഷം രൂപമാത്രമേ വരു. ബാക്കി 2 കോടി 75 ലക്ഷം രൂപ എത് കണക്കില്‍പ്പെടും? ജീവനക്കാരുടെ സമ്മതപത്രത്തിലൂടെ മാത്രമേ തുക കൈമാറാവു എന്ന് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഗവണ്‍മെന്റ് സമ്മതിച്ചതാണ്.

ഈ സ്ഥാപനം 1200 കോടിരൂപ നഷ്ടത്തിലാണെന്നാണ് കഴിഞ്ഞമാസം സര്‍ക്കാര്‍ നബാര്‍ഡിന് നല്‍കിയ കണക്കില്‍ പറയുന്നത്. നഷ്ടത്തില്‍ സഞ്ചരിക്കുന്ന ഒരുസ്ഥാപനം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് 15 കോടി ജീവനക്കാരുടേയോ റിസര്‍വ്വ് ബാങ്കിന്റെയും തീരുമാനമില്ലാതെ എങ്ങനെ കൈമാറിയെന്ന് വ്യക്തമാക്കേണ്ടിവരും. കാലകാലങ്ങളായി സര്‍ക്കാരിന്റെ സീനിയര്‍ ഐഎഎസ് ഓഫീസര്‍മാരാണ് ഈ സ്ഥാപനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവായി ഭരണം നടത്തുന്നത്്. എന്നാല്‍ ഇപ്പോള്‍ കുറെനാളായി മറ്റൊരു ബാങ്കില്‍ നിന്ന് റിട്ടയര്‍ചെയ്ത ഒരു ഉദ്യോഗസ്ഥനാണ് ചീഫ് എക്‌സിക്യൂട്ടീവായി തുടരുന്നതും ഈ പണം കൈമാറിയതും എന്നും കൂടി കൂട്ടിവായിക്കണം.

ഈ രണ്ട് വസ്തുതകളും മുഖ്യമന്ത്രിക്കു കൊള്ളേണ്ടിടത്തു കൊണ്ടതുകൊണ്ടാണ് മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ കാരണമെന്ന് കെപിസിസി വിലിയിരുത്തുന്നു.
മുഖ്യമന്ത്രി കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയായി തരം താഴരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.