കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി ചാരുന്നുവെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവായെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഒഴിവാക്കാവുന്ന ഒരു പരീക്ഷയില്‍ പങ്കെടുക്കാനാണ്് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ കേന്ദ്രങ്ങള്‍ അനുവദിക്കാതെയാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. സ്വന്തം കഴിവില്ലായ്മയും സംഭവിച്ച വീഴ്ചയും മറയ്ക്കാനാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി ചാരുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ അപലപനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസലുകള്‍ പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

പരീക്ഷയ്ക്കെത്തിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കും കൂടെയെത്തിയ ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 16നാണ് പരീക്ഷ നടന്നത്. 80,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. രക്ഷിതാക്കളും വിദ്യാര്‍ഥികളും കൂട്ടത്തോടെ എത്തിയപ്പോള്‍ തലസ്ഥാന നഗരിയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാളി.
കീം പരീക്ഷ നടക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന മൂന്നൂറു രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്.
ഈ രണ്ടു സ്റ്റേഷന്‍ പരിധിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും മുന്നൂറിലധികംപേര്‍ കൂട്ടംകൂടിയെന്നാണു പൊലീസ് പറയുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരുന്നു.