‘കേരള പോലീസ് കുറ്റാന്വേഷണത്തില്‍ മികച്ചവരാണ്’; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ശോഭന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയനടി ശോഭന. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ ഞെട്ടിപ്പിച്ച സംഭവത്തെക്കുറിച്ച് താരം മനസ്സുതുറന്നത്.

ദിലീപിനെ ആദ്യമായി കാണുന്നത് 1997-ലാണ്. താനും മമ്മുട്ടിയും നായിക നായകന്‍മാരായി അഭിനയിച്ച കളിയൂഞ്ഞാല്‍ സിനിമയില്‍ ദിലീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ദിലീപ് വളരെ സൗമ്യനായിരുന്നുവെന്ന് ശോഭന പറഞ്ഞു. ഷൂട്ടിങ്ങ് ഇടവേളകളിലെ മുഖ്യതാരം ദിലീപായിരുന്നു. മിമിക്രി കാണിച്ചും ചിരിപ്പിച്ചും സെറ്റില്‍ എല്ലാവരേയും ദിലീപ് കയ്യിലെടുക്കുമായിരുന്നുവെന്ന് ശോഭന പറഞ്ഞു. എന്നാല്‍ പ്രത്യക്ഷത്തില്‍ ദിലീപിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ താരം തയ്യാറായില്ല.

നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ തനിക്ക് വലിയവിഷമം തോന്നിയെന്ന് ശോഭന പറഞ്ഞു. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ വലിപ്പ ചെറുപ്പങ്ങളില്ലാതെ ഒരു കുടുംബം പോലെ സഹകരിച്ചാണ് പണ്ടൊക്കെ ഷൂട്ടിങ് നടക്കാറുള്ളത്. നടിമാര്‍ക്കെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഉണ്ടായിരുന്നു. കേരള പോലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്നാണ് പൊതുവെ അറിയപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.