മുംബൈ: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിലൂടെ ഹിന്ദുമുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അദൃശ്യമായ വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
രാജ്യതാത്പര്യം മുന്‍നിര്‍ത്തിയില്ല ബില്‍ അവതരിപ്പിക്കുന്നതെന്നും ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കൊന്നും കുറവില്ല, പക്ഷേ, പൗരത്വ ഭേദഗതി ബില്ലിലൂടെ പുതിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഒരു അദൃശ്യമായ വിഭജനമാണ് കേന്ദ്രം ഈ ബില്ലിലൂടെ നടപ്പാക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഹിന്ദുസ്ഥാന്‍ അല്ലാതെ മറ്റു രാജ്യമില്ലെന്നത് ശരിയാണ്. പക്ഷേ, അനധികൃത കുടിയേറ്റക്കാരില്‍നിന്ന് ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിക്കില്ലേ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
അതേസമയം, പൗരത്വബില്ലിനെ എതിര്‍ക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ശിവസേന മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഉച്ചക്ക് 12 മണി കഴിഞ്ഞാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയില്‍ വെച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഈ ബില്ല് നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ ജനതയെ ലക്ഷ്യം വക്കാനല്ലാതെ മറ്റൊന്നിനുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി 0.001% പോലും ഒന്നും ഈ ബില്ലിലില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടി.
പൗരത്വ ബില്ലിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രംഗത്തുവന്നിരുന്നു. ഇന്ന് ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ഇ.ടി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ മുസ് ലിങ്ങള്‍ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് തരം പൗരന്‍മാരെ സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും ഇ.ടി പറഞ്ഞു.
ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ ബില്ലിനെതിരെ ലീഗ് എം.പിമാര്‍ പാര്‍ലമെന്റ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.