‘ലവ് രാത്രി, നവരാത്രി വളച്ചൊടിച്ചത്’; സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ശിവസേന

വഡോദര: സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രം ‘ലവ് രാത്രി’യുടെ പ്രദര്‍ശനം തടയുമെന്ന് ശിവസേന. ‘ലവ് രാത്രി’ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ശിവസേന പറയുന്നു.

‘ലവ് രാത്രി’യെന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഹൈന്ദവ ആഘോഷമായ നവരാത്രിയുടെ പേര് വളച്ചൊടിക്കുകയാണെന്നാണ് ശിവസേനയുടെ ആരോപണം. സിനിമയുടെ പ്രവര്‍ത്തകര്‍ ടൈറ്റില്‍ മാറ്റാന്‍ തയ്യാറാകാത്ത പക്ഷം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ശിവസേനയുടെ താക്കീത്. ഞായറാഴ്ച്ചയാണ് ശിവസേന തിയേറ്റര്‍ ഉടമകളെ സമീപിച്ച് താക്കീത് നല്‍കിയിരിക്കുന്നത്.

ചിത്രം പേരുമാറ്റി പ്രദര്‍ശിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ചിത്രം ഇതേ പേരില്‍ തന്നെയാണ് തിയേറ്ററുകളില്‍ ഇറങ്ങുന്നതെങ്കില്‍, കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും ശിവസേന വഡോധര ഘടകം വക്താവ് തേജസ് ബ്രാഹ്മ്ഭട്ട് പറഞ്ഞു. അടുത്തിടെ ചില ഹിന്ദു സംഘടനങ്ങളും ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

SHARE