‘ബി.ജെ.പി നമ്മുടെ മുഖ്യശത്രു, രാഹുല്‍ ജനങ്ങള്‍ അംഗീകരിച്ച നേതാവ്’; ശിവസേന

മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തി വീണ്ടും ശിവസേന രംഗത്ത്. രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്ന് ശിവസേന എം.പി സഞ്ചയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികാഘോഷവേളയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചും രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയുമുള്ള എം.പിയുടെ പരാമര്‍ശം.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ രാഹുല്‍ഗാന്ധിയില്‍ കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് എം.പി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിയുടേതാണു സര്‍ക്കാര്‍. ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നേയുള്ളൂ. കോണ്‍ഗ്രസിനെയും എന്‍സിപിയെയും എതിര്‍ക്കുന്നതിനു പകരം ബിജെപി ശിവസേനയെയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ട് ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് നാഷികില്‍ അദ്ദേഹം പറഞ്ഞു.

2014മുതല്‍ രാഹുലില്‍ മാറ്റങ്ങളുണ്ടായി. ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ നേതാവാണിപ്പോള്‍ രാഹുല്‍. ജനങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ തയ്യാറാവുന്നുണ്ടെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.