‘ഇന്ത്യയില്‍ ആദ്യ സ്ഥാനം ഹിന്ദുക്കള്‍ക്ക്, പിന്നീടേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ’; ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം.

ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂവെന്നും സാമ്‌നയില്‍ പറയുന്നു. കാരണം 50ല്‍ അധികം രാഷ്ട്രങ്ങള്‍ മുസ്‌ലിംങ്ങള്‍ക്ക് സ്വന്തമായിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയും യൂറോപ്പും പോലുള്ള രാജ്യങ്ങളുണ്ട്. ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ പോലുള്ളവയും. ഹിന്ദുക്കള്‍ക്ക് വേണ്ടി ഇന്ത്യയെന്ന ഒറ്റ രാഷ്ട്രമേയുള്ളൂ. അല്ലാതെ മറ്റൊരു രാജ്യവുമില്ലെന്നും സാമ്‌നയില്‍ പറയുന്നു. കേന്ദ്രം ഭരിക്കുന്നവര്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, കശ്മീരി പണ്ഡിറ്റുകളുടെ ഘര്‍ വാപ്പസി എന്നിവയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നും സാമ്‌നയില്‍ വിമര്‍ശനമുണ്ട്.

നേരത്തെ ഇന്‍ഡോറില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരുന്നു. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യയെന്ന് ഭാഗവത് പറഞ്ഞിരുന്നു. എന്നാല്‍, മറ്റുള്ളവരുടേതല്ല ഇന്ത്യയെന്ന് അര്‍ഥമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.