ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ശിവശങ്കറിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍ രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്.

പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യം ചെയ്യലില്‍ ഉയര്‍ന്നത്. സ്വര്‍ണക്കടത്തുകാരുമായി സ്വപ്‌നയ്ക്കുള്ള ബന്ധം തിരിച്ചറിയാനായില്ലെന്നാണ് ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഫോണ്‍ രേഖകളും പ്രതികളുടെ വീടുകളില്‍നിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യല്‍.

സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളില്‍ സ്വപ്‌ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കര്‍ സഹായം ചെയ്‌തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചെന്നാണ് വിവരം.

SHARE