ശിവശങ്കര്‍ മനസാക്ഷി സൂക്ഷിപ്പുകാരന്‍; മാറ്റിനിര്‍ത്തി മുഖ്യമന്ത്രിക്ക് തലയൂരാനാകില്ല

തിരുവനന്തപുരം: മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറികൂടിയായിരുന്ന ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. ശിവശങ്കറാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അതല്ല മുഖ്യമന്ത്രി മനസില്‍ കാണുന്ന കാര്യങ്ങള്‍ കൃത്യമായി നടത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും രണ്ട് അഭിപ്രായം സി.പി.എം നേതാക്കള്‍ക്കിടയില്‍പോലു സജീവമാണ്. മുഖ്യമന്ത്രിയുടെ ഓഫീലും ഐ ടി വകുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നപ്പോഴും കവചം തീര്‍ത്ത് ശിവശങ്കറെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്. സ്വര്‍ണക്കടത്തു വിവാദത്തിലെ പ്രധാന കണ്ണി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെങ്കിലും ഐ.ടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തെ നില നിര്‍ത്തി. കാര്യങ്ങല്‍ കയ്യില്‍ ഒതുങ്ങില്ലെന്ന് ബോധ്യമായതോടെ പിന്നീട് നിര്‍ബന്ധിത അവധിയിലേക്ക് വിടുകയും ചെയ്തു. എന്നിട്ടും ശിവശങ്കറിനെ വെള്ളപൂശാന്‍ മുഖ്യമന്ത്രി മറന്നില്ല. ശിവശങ്കറെ മാറ്റിയത് നിയമപരമായ ആരോപണം ഉയര്‍ന്നതുകൊണ്ടല്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം.

കോവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിങഌ എന്ന വിവാദ അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ ഉണ്ടാക്കിയ കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം കനത്തതോടെ അതിനെ ന്യായീകരിക്കാന്‍ ശിവശങ്കര്‍ കാട്ടിയ വ്യഗ്രതയോടെയാണ് അദ്ദേഹത്തെ പൊതുസമൂഹം സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചെയ്തികള്‍ ഐ. എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും അപമതിപ്പ് ഉളവാക്കുകയും ചെയ്തു. മാധ്യമ ഓഫീസുകളില്‍ കയറി ഇറങ്ങി കരാറിനെ ന്യായീകരിക്കാന്‍ ശ്രമിച്ചതിനൊപ്പം മുഖ്യമന്ത്രിയുടെ ദൂതനായി സി.പി.ഐ ഓഫീസിലും എത്തി. സി.പി.ഐ നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രി പ്രതികൂട്ടിലായതോടെ സര്‍ക്കാര്‍ കരാറില്‍ നിന്ന് കൈകഴുകിയതിനൊപ്പം കരാറിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ശിവശങ്കര്‍ മുന്നോട്ടുവന്നു.

മദ്യവ ില്‍പനയക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എറണാകുളത്തെ ഫെയര്‍ കോഡ് എന്ന കമ്പനിക്ക് നല്‍കിയതിനെ സംബന്ധിച്ചും ഐ.ടി വകുപ്പ് പ്രതികൂട്ടിലായിരുന്ന. ബിവറേജസ് കോര്‍പ്പറേഷനില്‍നിന്ന് മദ്യ വില്‍പ്പന സ്വകാര്യ ബാറുകളിലേക്ക് മാറ്റുന്നതിനുള്ള നീക്കത്തിനുപിന്നിലും മുഖ്യന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായി.
സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോഴും ശിവശങ്കറിലേക്കായിരുന്നു സംശയത്തിന്റെ ദൃഷ്ടികള്‍ പാഞ്ഞത്. 4500 കോടിരൂപയുടെ ബസുകള്‍ വാങ്ങുന്ന പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് നല്‍കിയത് മുഖ്യമന്ത്രി നേരിട്ടായിരുന്നു വെന്നായിരുന്നു ആരോപണം.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയുമായി ശിവശങ്കറിനുള്ള അടുപ്പത്തിന്റെ വിവരങ്ങള്‍ ഒരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കുമേലും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. ഒളിവിലുള്ള സ്വപ്‌ന പിടിയിലാകുന്നതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. അത് മുന്നില്‍ കണ്ടാണ് ശിവശങ്കറെ അവധിയിലേക്ക് അയച്ചത്.