ലോക്സഭ പാസാക്കിയ പൗരത്വ ദേദഗതി ബില്ല് രാജ്യസഭയില്‍ പിന്തുണയുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇന്നലെ ലോക്സഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്കാന് ഭരണപക്ഷത്തിനായില്ല. കാര്യങ്ങളില്‍ വ്യക്തത വരുന്നതു വരെ ബില്ലിനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണു പാര്‍ട്ടി തീരുമാനമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ലോക്സഭയില്‍ ബില്‍ പാസാക്കുന്നതില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണച്ചതിനു പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുന്നുവെന്ന അദ്ദേഹം പറഞ്ഞു. ശിവസേനയെ പേരിടുത്തു പറയാതെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് ശിവസേനയുടെ നിലപാട് മാറ്റം.പ്രതിപക്ഷ ഐക്യമില്ലെന്നും തീവ്രഹിന്ദുത്വം പേറുന്ന ശിവസേനയുമായി ഏത്ര ദൂരം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴാണ് സേന സ്വരം മയപ്പെടുത്തുന്നത്.